ന്യൂഡൽഹി: സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ ആദ്യം തുറക്കേണ്ടത് പ്രൈമറി സ്കൂളുകളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ).

കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം മുതിർന്നവരിലെന്നപോലെ കുഞ്ഞുങ്ങളിൽ പ്രബലമാണ്. പൊതുവിൽ കുട്ടികൾക്ക് വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുമുണ്ട്. കോശങ്ങളിൽ വൈറസ് പറ്റിപ്പിടിക്കുന്ന ‘റിസപ്റ്ററുകൾ’ കുട്ടികളിൽ താരതമ്യേന കുറവാണ്. ഇതൊക്കെ കണക്കിലെടുത്താണ് ആദ്യം പ്രൈമറി സ്കൂളുകൾ തുറക്കുന്നതാണ് അഭികാമ്യമെന്ന് പറയുന്നതെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനുമുമ്പ്‌ അധ്യാപകരും സ്കൂൾ ജീവനക്കാരും കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുമെല്ലാം വാക്സിൻ സ്വീകരിച്ചിരിക്കണം. ജില്ലയിലെ പൊതു ആരോഗ്യസ്ഥിതികൂടി വിലയിരുത്തിയേ തീരുമാനമെടുക്കാവൂ. പ്രൈമറി സ്കൂളുകൾ തുറന്നശേഷം മുതിർന്ന കുട്ടികളുടെ സ്കൂൾ തുറക്കാം. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫിൻലൻഡ് തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങളിലും യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് തുടങ്ങിയതുമുതൽ ചെറിയ കുട്ടികളുടെ സ്കൂൾ അടച്ചിട്ടില്ലെന്ന് ഡോ. ഭാർഗവ ചൂണ്ടിക്കാട്ടി. സ്കൂളുകൾ തുറക്കുന്നകാര്യത്തിൽ രാജ്യത്ത് തീരുമാനമെടുക്കുമ്പോൾ കുട്ടികളുടെ സ്കൂൾ ആദ്യം തുറക്കുന്നതാവും നല്ലത് -അദ്ദേഹം വ്യക്തമാക്കി.