ന്യൂഡൽഹി: രാജ്യവ്യാപക അടച്ചിടലിനെത്തുടർന്ന്‌ വീടുകളിൽ കഴിയുന്നവരെ ലക്ഷ്യമിട്ട് രാമായണം, മഹാഭാരതം പരമ്പരകളുമായി ദൂർദർശൻ. മൂന്നുപതിറ്റാണ്ടിനുശേഷമാണ് പരമ്പരകൾ വീണ്ടുമെത്തുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരമാണ് ഇവ പുനഃസംപ്രേഷണം ചെയ്യുന്നതെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

ശനിയാഴ്ചമുതൽ ദിവസവും രണ്ടുനേരമെന്ന കണക്കിലാണ് പരമ്പരകളെത്തുന്നത്. രാമായണം രാവിലെ ഒമ്പതുമുതൽ പത്തുവരെയും വൈകീട്ട് ഒമ്പതുമുതൽ പത്തുവരെയും സംപ്രേഷണംചെയ്യും. ഉച്ചയ്ക്ക്‌ 12-നും രാത്രി ഏഴിനുമാണ് മഹാഭാരതം എത്തുക.

രാമാനന്ദ് സാഗറിന്റെ രാമായണവും ബി.ആർ. ഷെട്ടിയുടെ മഹാഭാരതവും സംപ്രേഷണം ചെയ്യണമെന്ന് ഒട്ടേറെപ്പേർ ആവശ്യപ്പെട്ടതിനാലാണ്‌ തീരുമാനമെന്ന് പ്രസാർഭാരതി സി.ഇ.ഒ. ശശി ശേഖർ പറഞ്ഞു. 33 വർഷത്തിനുശേഷം രാമാനന്ദ് സാഗറിന്റെ കുടുംബവും പ്രസാർ ഭാരതിയും ചേർന്നാണ് പരമ്പര വീണ്ടുമെത്തിക്കുന്നത്.

1986-87ൽ ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന രാമായണം പരമ്പര ഏറെ ജനശ്രദ്ധനേടിയിരുന്നു. ശ്രീരാമനായി അരുൺ ഗോവിലും സീതയായി ദീപിക ചിക്കാലിയയും ലക്ഷ്മണനായി സുനിൽ ലാഹ്രിയും ഹനുമാനായി ധാരാസിങ്ങും രാവണനായി അരവിന്ദ് ത്രിവേദിയുമാണ് വേഷമിട്ടത്. ദീപിക പിന്നീട് ബി.ജെ.പി. അംഗമായി. 1991-ൽ ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽനിന്ന് ലോക്‌സയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

നിതീഷ് ഭരദ്വാജ് കൃഷ്ണനും ഗജേന്ദ്ര ചൗഹാൻ യുധിഷ്ഠിരനും മുകേഷ് ഖന്ന ഭീഷ്മരും രൂപ ഗാംഗുലി ദ്രൗപതിയുമായി വേഷമിട്ട മഹാഭാരതം 1988-90ലാണ് പ്രേക്ഷകർക്കുമുന്നിലെത്തിയത്. ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയപ്പോൾ ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയമിച്ചു. പശ്ചിമബംഗാളിൽ ബി.ജെ.പി. മഹിളാമോർച്ച അധ്യക്ഷയായിരുന്ന രൂപ ഗാംഗുലി ഇപ്പോൾ രാജ്യസഭാംഗമാണ്.

Content Highlights: On Demand, Doordarshan to Re-Telecast Ramayana and Mahabharata