ന്യൂഡൽഹി: പാകിസ്താനുമായുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ പ്രതിരോധകേന്ദ്രങ്ങളിലേക്കുള്ള ഇന്ധനവിതരണം ഉറപ്പുവരുത്താൻ എല്ലാ ക്രമീകരണങ്ങളും ചെയ്തതായി എണ്ണക്കമ്പനികൾ ബുധനാഴ്ച അറിയിച്ചു. 500 എണ്ണടാങ്കറുകളുടെ വ്യൂഹമാണ് ജമ്മുകശ്മീരിലേക്ക്‌ നീങ്ങിയിരിക്കുന്നത്.

ജമ്മുകശ്മീരിലും മറ്റ് അതിർത്തിപ്രദേശങ്ങളിലും ചൊവ്വാഴ്ചതന്നെ എണ്ണക്കമ്പനികൾ ആവശ്യത്തിന് ഇന്ധനമെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിമാന ഇന്ധനവും ഡീസലും മറ്റ്‌ പെട്രോളിയം ഉത്പന്നങ്ങളുമായി 500 ടാങ്കറുകൾ ജമ്മുകശ്മീരിലേക്കും മറ്റ് അതിർത്തിപ്രദേശങ്ങളിലേക്കും പോകുന്നത്. സാധാരണ 10 ദിവസത്തേക്കാണ് ഇന്ധനം സംഭരിക്കാറ്. അതുകഴിഞ്ഞും ഇന്ധനം ഉറപ്പുവരുത്താനാണ് ഇത്രയും ടാങ്കറുകൾ അയച്ചതെന്ന് കമ്പനികൾ പറഞ്ഞു.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ് എന്നിവയാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾക്കുള്ള ഇന്ധനം നൽകുന്നത്. ടാങ്കറുകൾക്കും ട്രക്കുകൾക്കും സേനകളുടെ മറ്റ്‌ വാഹനങ്ങൾക്കുമാവശ്യമായ ഡീസലും മറ്റ് ഇന്ധനങ്ങളും നൽകുന്നതും ഇവയാണ്. രാജ്യത്ത് ആവശ്യമായ 19 കോടി ടൺ ഇന്ധനവുമായി താരത്യമപ്പെടുത്തിയാൽ വളരെക്കുറച്ചേ സേനയ്ക്ക് ആവശ്യമുള്ളൂ. എങ്കിലും ജമ്മുകശ്മീരിന്റെ അതിർത്തിമേഖലകളിലെ സൈനികാവശ്യത്തിന് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ഈ തയ്യാറെടുപ്പുകളെന്ന് കമ്പനികൾ പറഞ്ഞു. 1999-ലെ കാർഗിൽ യുദ്ധസമയത്തും സേനകൾക്ക് ഇന്ധനം മുടങ്ങിയിട്ടില്ലെന്ന് കമ്പനികൾ പറഞ്ഞു.

content highlights: oil tankers to kashmir, india pakistan