ഭുവനേശ്വർ: ഫോനി ചുഴലിക്കൊടുക്കാറ്റിൽ തകർന്നടിഞ്ഞ ഒഡിഷയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം കോടി രൂപയുടെകൂടി കേന്ദ്രസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 381 കോടിക്കു പുറമേയാണിത്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് അരലക്ഷം രൂപവീതവും അനുവദിച്ചു. തീർത്ഥാടനകേന്ദ്രമായ പുരിയിൽ 21 പേർ മരിച്ചതുൾപ്പെടെ ഫോനി ചുഴലിയിലകപ്പെട്ട് 34 ജീവനുകളാണ് ഒഡിഷയിൽ പൊലിഞ്ഞത്. വെള്ളിയാഴ്ചയാണ് ഇവിടെ ഫോനി ആഞ്ഞടിച്ചത്.

നിലവിൽ പ്രഖ്യാപിച്ച സഹായധനത്തിനുപുറമേ, കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടത്തിന്റെ വ്യാപ്തി റിപ്പോർട്ട് ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ദുരന്തത്തെ നേരിടാൻ മതിയായ തയ്യാറെടുപ്പെടുത്തതിന് അദ്ദേഹം മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ അഭിനന്ദിച്ചു.

content highlights: odisha,1000 crore, cyclone fani relief fund