ന്യൂഡൽഹി: സംവരണത്തിന് അർഹരായ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി ബില്ലും വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യവത്കരണം കൊണ്ടുവരാനുള്ള ബില്ലും ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.

പെഗാസസ് ഫോൺചോർത്തൽ അടക്കമുള്ള വിഷയങ്ങളെച്ചൊല്ലി പാർലമെന്റ് സ്തംഭനം തുടരുന്നതിനിടെയാണ് സുപ്രധാനമായ ഭരണഘടനാ ഭേദഗതിബിൽ കൊണ്ടുവരുന്നത്. സംവരണ ബിൽ പാസാക്കാൻ പതിപക്ഷം സർക്കാരുമായി സഹകരിക്കുമെന്നാണ് സൂചന. എന്നാൽ ഇതൊഴികെ മറ്റ്‌ ബില്ലുകളുടെ കാര്യത്തിൽ പഴയ നിലപാട് തുടരും. സമ്മേളനം തുടങ്ങിയതുമുതൽ ഇരുസഭകളിലും വൻബഹളമാണ് നടക്കുന്നത്. ഇതിനിടയിലാണ് മിനിറ്റുകൾക്കകം ഒട്ടേറെ ബില്ലുകൾ പാസാക്കിയത്.

മറ്റ്‌ ബില്ലുകളെപ്പോലെ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനാവില്ല. ചർച്ചയും വോട്ട് ചെയ്യലും അനിവാര്യമാണ്. ഭരണഘടനാ ഭേദഗതിക്ക് സഭയുടെ ഭൂരിപക്ഷത്തിന്റെയും സഭയിൽ ഹാജരായി വോട്ട്‌ ചെയ്തവരിൽ മൂന്നിൽരണ്ടുപേരുടെയും പിന്തുണ വേണമെന്നാണ് വ്യവസ്ഥ. സംവരണത്തോട് യോജിപ്പുള്ളതിനാൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരുമായി ഇക്കാര്യത്തിൽമാത്രം സഹകരിക്കും. എന്നാൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരിക്കും അത്.

ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകാൻ 2018-ൽ ഭരണഘടന ഭേദഗതി ചെയ്തതിലെ പിഴവാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഈ ഭേദഗതിയനുസരിച്ച് പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്‌ മാത്രമായി ചുരുങ്ങി. സുപ്രീംകോടതി ഈയിടെ അത് ശരിവെച്ചു. പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം നഷ്ടപ്പെടുമെന്ന് പല പ്രതിപക്ഷ പാർട്ടികളും അന്ന്്് ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ ആശങ്ക ഇപ്പോൾ യാഥാർഥ്യമായിരിക്കയാണ്.

അടുത്തഘട്ടം നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമുൻപ് സംസ്ഥാനങ്ങൾക്ക് ഈ അധികാരം തിരികെ നൽകണമെന്നാണ് കേന്ദ്രനിലപാട്. സംവരണ വിഷയത്തിൽ ഇതിനെതിരായ സമീപനമെടുക്കാൻ പ്രതിപക്ഷ പാർട്ടികൾക്കാവില്ല. അതുകൊണ്ട് ഒറ്റ വിഷയത്തിൽ മാത്രമുള്ള സഹകരണമാവും അവർ നൽകുക.

ഭരണഘടനാ ഭേദഗതി ബിൽ പാസായശേഷമായിരിക്കും വൈദ്യുതി ബിൽ അവതരിപ്പിക്കുക. ഈ വിഷയത്തിൽ, കർഷക ബില്ലുകളുടെ കാര്യത്തിലെന്നപോലെ ഉറച്ച നിലപാടിലാണ് ഇരുകൂട്ടരും. വൈദ്യുതി ബില്ലിനെ പ്രതിപക്ഷ സംസ്ഥാനങ്ങൾ എതിർക്കുകയാണ്. കേരള നിയമസഭ അതിനെതിരേ പ്രമേയം പാസാക്കിക്കഴിഞ്ഞു. പശ്ചിമ ബംഗാളും മറ്റ്‌ സംസ്ഥാനങ്ങളും ശക്തമായി രംഗത്തുണ്ട്. പത്താം തീയതി വൈദ്യുതി ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ സമരം കുറച്ചുദിവസങ്ങളായി ഡൽഹിയിൽ നടക്കുന്നുണ്ട്.

Content Highlights: obc constitutional amendment bill and electricity bills on parliament this week