kc venugopalന്യൂഡല്‍ഹി: കേന്ദ്ര പ്രവാസികാര്യമന്ത്രാലയത്തെ വിദേശകാര്യമന്ത്രാലയവുമായി സംയോജിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭ ഡെപ്യൂട്ടി വിപ്പ് കെ.സി. വേണുഗോപാല്‍ എം.പി. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തയച്ചു.

പ്രവാസി സമൂഹത്തിന്റെ സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യമന്ത്രാലയത്തോട് കൂട്ടിച്ചേര്‍ക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എം.പി. കത്തില്‍ ചൂണ്ടിക്കാട്ടി.

ഇറാഖിലും യെമനിലും സിറിയയിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ദുരിതം അനുഭവിച്ചപ്പോള്‍  യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടാനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനും പ്രവാസികാര്യവകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
 
മാത്രമല്ല, പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുക, ഇന്‍ഷുറന്‍സ് പെന്‍ഷന്‍ സ്‌കീമുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ പ്രവാസി സമൂഹത്തിന്റെ നിര്‍ണായക ആവശ്യങ്ങളില്‍ ഫലപ്രദമായി ഇടപെടുകയും ചെയ്ത പ്രവാസിവകുപ്പിനെ വിദേശകാര്യവകുപ്പുമായി കൂട്ടിയിണക്കുന്നത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന നീതികേടാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.