ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടനെ നടപ്പാക്കില്ലെന്ന് സൂചന.

പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നെങ്കിലും ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കുമെതിരെ ദേശീയ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യത്തിൽ പിന്നാക്കംപോകുന്നതെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. പൗരത്വനിയമത്തെയും എൻ.ആർ.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യാഴാഴ്ച പ്രസ്താവിച്ചത് ഈ പശ്ചാത്തലത്തിലാണ്. പൗരത്വനിയമവും എൻ.ആർ.സി.യും നടപ്പാക്കില്ലെന്ന് ഒട്ടേറെ സംസ്ഥാനങ്ങൾ നിലപാടെടുത്തതും കേന്ദ്രം ആശങ്കയോടെയാണ് കാണുന്നത്.

സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ പൗരത്വപ്പട്ടിക ഉണ്ടാക്കാനാവില്ല. ഇത്രയും വ്യാപക പ്രതിഷേധം ഉണ്ടാവുമെന്ന് സർക്കാർ കണക്കുകൂട്ടിയില്ലെന്നുവേണം അനുമാനിക്കാൻ. അതേസമയം, പൗരത്വനിയമ ഭേദഗതിയിൽനിന്ന് സർക്കാർ പിന്നാക്കംപോകുന്ന പ്രശ്നമില്ലെന്ന് മന്ത്രി അമിത് ഷായും മറ്റു മന്ത്രിമാരും ആവർത്തിക്കുന്നുണ്ട്. ഭേദഗതിചെയ്ത പൗരത്വനിയമം ബി.ജെ.പി. ഭരിക്കുന്ന അസമിൽ നടപ്പാക്കിയാൽ ഈയിടെ അവിടെ നിലവിൽവന്ന പൗരത്വപ്പട്ടികയിലെ അപാകം കുറെയൊക്കെ പരിഹരിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയനിലപാട് ആവർത്തിച്ച് പ്രഖ്യാപിക്കാനും ബി.ജെ.പി.ക്ക് സാധിക്കും. പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ ഹിന്ദുക്കളിൽ വലിയൊരു വിഭാഗത്തിന് തിരിച്ചുവരാൻ ഭേദഗതിനിയമം സഹായകരമാവും.

ഒൻപതു സംസ്ഥാനങ്ങളിലെ സർക്കാരുകളാണ് എൻ.ആർ.സി.യെ ഇപ്പോൾ എതിർക്കുന്നത്. കേരളം, പശ്ചിമബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, ഡൽഹി, തെലങ്കാന, ബിഹാർ, ഒഡിഷ എന്നിവ. ബിഹാർ ഭരിക്കുന്ന ജനതാദളും ഒഡിഷ ഭരിക്കുന്ന ബിജു ജനതാദളും പാർലമെന്റിൽ നിയമഭേദഗതിയെ അനുകൂലിച്ചവരാണ്. എന്നാൽ, പൗരത്വനിയമത്തോടൊപ്പം എൻ.ആർ.സി.കൂടി കൊണ്ടുവരുന്നതിനെ അനുകൂലിക്കില്ലെന്ന് മുഖ്യമന്ത്രിമാരായ നിതീഷ് കുമാറും നവീൻ പട്‌നായിക്കും പിന്നീട് വ്യക്തമാക്കി. മഹാരാഷ്ട്ര എൻ.ആർ.സി.യുടെ കാര്യത്തിൽ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻ.സി.പി.യുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ഭരിക്കുന്നതിനാൽ ശിവസേന അതുമായി മുന്നോട്ടുപോവാൻ സാധ്യതയില്ല.

ജനസംഖ്യയുടെ പകുതിയും ഈ പത്തു സംസ്ഥാനങ്ങളിലാണുള്ളത്. ഈ സംസ്ഥാനങ്ങൾ എൻ.ആർ.സി.യുമായി സഹകരിക്കുന്നില്ലെങ്കിൽ അത് നടപ്പാക്കുക പ്രയാസംതന്നെയായിരിക്കും. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ. അനുകൂലമാണെങ്കിലും ഡി.എം.കെ.യുടെ നേതൃത്വത്തിൽ വൻ എതിർപ്പ് എൻ.ആർ.സി.ക്കെതിരേയുണ്ട്്്. സംസ്ഥാനങ്ങളുടെ ഭരണസംവിധാനം ഉപയോഗിച്ചല്ലാതെ അസം മാതൃകയിൽ എൻ.ആർ.സി. രാജ്യത്ത്്് നടപ്പാക്കാനാവില്ല. എല്ലാ പൗരന്മാരും എൻ.ആർ.സി.ക്കുവേണ്ടി പ്രത്യേക അപേക്ഷ സമർപ്പിക്കുകയും പൗരത്വ തെളിവിനായി കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന രേഖകൾ ഹാജരാക്കുകയും വേണം.

അസമിൽ 1971 അടിസ്ഥാനവർഷമാക്കിയാണ് എൻ.ആർ.സി. നടപ്പാക്കിയത്. ദേശീയതലത്തിൽ ഏതുവർഷമാണ് അടിസ്ഥാനമാക്കുക എന്ന് ഇതുവരെ വ്യക്തമല്ല. അസമിൽ പ്രത്യേക എൻ.ആർ.സി. കേന്ദ്രങ്ങൾ തുടങ്ങുകയും ആയിരക്കണക്കിന് ജീവനക്കാരെ അതിനായി നിയമിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങൾ എൻ.ആർ.സി.യെ എതിർക്കുമ്പോൾ അവരുടെ സഹകരണമില്ലാതെ അത് എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയണം.

അതേസമയം, പൗരത്വനിയമ ഭേദഗതിയുടെ കാര്യം വ്യത്യസ്തമാണ്. നിയമം നടപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് അതിന്റെ അടിസ്ഥാനത്തിൽ, അർഹതപ്പെട്ടവർക്ക് (മൂന്നു അയൽരാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക്്) പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കാം. പൗരത്വം നൽകേണ്ടത് കേന്ദ്രമാണ്. അതിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ല. പുതിയ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ അസം ഒഴികെ മറ്റിടങ്ങളിൽനിന്ന് അധികം അപേക്ഷകർ ഉണ്ടാവാനുള്ള സാധ്യതയും കുറവാണ്.

Content Highlights: NRC Citizenship Act