ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷേധവോട്ട് (നോട്ട) ഉള്‍പ്പെടുത്തരുതെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ചോദ്യംചെയ്ത് ഗുജറാത്ത് കോണ്‍ഗ്രസ് ചീഫ് വിപ്പ് ശൈലേഷ് മനുഭായി പര്‍മര്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്താനുള്ള കമ്മിഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നോട്ട അനുവദിക്കുന്നത് അഴിമതിക്ക് കാരണമാകുമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. ഇത് കോടതി അംഗീകരിച്ചില്ല.

എന്നാല്‍, നോട്ടയുടെ ഭരണഘടനാസാധുത പരിശോധിക്കാമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയയ്ക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 13-നകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കുന്നതിന് വിസമ്മതിച്ച കോടതി, പ്രശ്‌നം ഹര്‍ജിക്കാരനും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലാണെന്ന് ചൂണ്ടിക്കാട്ടി. 18-ന് വിശദമായ വാദംകേള്‍ക്കും. വാദം കേള്‍ക്കുമ്പോള്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ബെഞ്ച് ആവശ്യപ്പെട്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ നോട്ട ഉള്‍പ്പെടുത്താന്‍ 2014 ജനുവരിയിലും 2015 നവംബറിലുമാണ് വിജ്ഞാപനമിറക്കിയത്. ഇതുവരെ പരാതിക്കാര്‍ എവിടെയായിരുന്നു? ഈവര്‍ഷം ഓഗസ്റ്റ് ഒന്നിന് ഇറക്കിയ വിജ്ഞാപനം തങ്ങളെ ബാധിക്കുമെന്നായപ്പോള്‍ പരാതിയുമായി എത്തിയിരിക്കുകയാണ് -കോടതി കുറ്റപ്പെടുത്തി.

എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാറുണ്ടെന്നും ഇതുവരെ ആരും നോട്ട ഉള്‍പ്പെടുത്തുന്നത് ചോദ്യംചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ദേശായി ബോധിപ്പിച്ചു.

ഓഗസ്റ്റ് എട്ടിന് ഗുജറാത്തില്‍നിന്നുള്ള മൂന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി. പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ വിജയം ഉറപ്പാണ്. മൂന്നാമത്തെ സീറ്റിനായി ബി.ജെ.പി.യുടെ ബല്‍വന്ത് സിങ് രാജ്പുത്തും കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി. അഹമ്മദ് പട്ടേലുമാണ് മത്സരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ വിജയം കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നമാണ്.