ബെംഗളൂരു: സജീവരാഷ്ട്രീയത്തിൽനിന്നു വിരമിക്കില്ലെന്നും രാഹുൽഗാന്ധി പ്രധാനമന്ത്രിയായാൽ അദ്ദേഹത്തിന്റെ അടുത്തിരിക്കുമെന്നും മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മൂന്നുവർഷംമുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യമാണ് മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചത്. ഒന്നും മറച്ചുവയ്ക്കാനില്ല. പ്രത്യേകിച്ച് ആഗ്രഹങ്ങളുമില്ല. എന്നാൽ, രാഷ്ട്രീയത്തിൽനിന്ന് വിരമിക്കില്ലെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ദേവഗൗഡ പറഞ്ഞു.

സ്ഥിരം മണ്ഡലമായ ഹാസൻ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്ക്ക് വിട്ടുകൊടുത്ത് തുമകൂരു മണ്ഡലത്തിലാണ് ദേവഗൗഡ ഇത്തവണ മത്സരിച്ചത്. പൊതുസമ്മതനായ ദേവഗൗഡയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു മറുപടി. ഞങ്ങൾ ചെറിയ പാർട്ടിയാണെങ്കിലും ഇവിടെ കോൺഗ്രസ് പിന്തുണ നൽകുന്നുണ്ട്. അതിനാൽ കോൺഗ്രസിന്റെയൊപ്പം നിൽക്കേണ്ടത് ഞങ്ങളുടെ കടമയാണന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെക്കാൾ കുടുംബത്തിനു പ്രാധാന്യം നൽകുന്നെന്ന ആരോപണം ദേവഗൗഡ നിഷേധിച്ചു.

Content Highlights: Deve gowda