ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ഉത്തരകൊറിയയില്‍ രഹസ്യസന്ദര്‍ശനം നടത്തി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായിരുന്നു സന്ദര്‍ശനം. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം സിങ് നില്‍ക്കുന്ന ചിത്രം അവിടത്തെ സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മുന്‍ പ്രസിദ്ധീകരിച്ചു. 20 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍നിന്നൊരു മന്ത്രി ഉത്തരകൊറിയയിലെത്തുന്നത്.

ഉത്തരകൊറിയന്‍ വൈസ് പ്രസിഡന്റ് കിം യോങ് ഡേയുമായും വിദേശ, സാംസ്‌കാരിക മന്ത്രിമാരുമായും സിങ് വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തെന്ന് വിദേശകാര്യമന്ത്രാലയം ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. സിങ് ഉത്തരകൊറിയയിലേക്കുപോകുന്ന വിവരം മന്ത്രാലയം പുറത്തുവിട്ടിരുന്നില്ല.

രാഷ്ട്രീയ, പ്രാദേശിക, സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ ഇരുരാജ്യവും തമ്മില്‍ സഹകരിക്കുന്നതിനെക്കുറിച്ചായിരുന്നു സിങ്ങിന്റെ ചര്‍ച്ചയെന്ന് മന്ത്രാലയം പറഞ്ഞു. ഉത്തര-ദക്ഷിണ കൊറിയകളുടെ സമാധാനശ്രമവും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയും പാകിസ്താനുമായുള്ള ബന്ധവും ചര്‍ച്ചാവിഷയമായി. ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമുന്നയിച്ചിരിക്കുകയാണ് ഉത്തരകൊറിയ.

ആണവവ്യാപനഭീഷണിയെക്കുറിച്ചും ഉത്തരകൊറിയയുടെ ആണവപരിപാടിക്ക് പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചും സിങ് സംസാരിച്ചു. സുഹൃദ്രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ഉത്തരകൊറിയ ഉറപ്പുനല്‍കിയെന്ന് മന്ത്രാലയം പറഞ്ഞു.

ഉത്തരകൊറിയയിലെ ഇന്ത്യന്‍ സ്ഥാനപതിയായി അതുല്‍ ഗോട്‌സുര്‍വേ ചുമതലയേറ്റതിനു പിന്നാലെയാണ് സിങ്ങിന്റെ സന്ദര്‍ശനം. തിങ്കളാഴ്ചയാണ് അദ്ദേഹം ചുമതലയേറ്റത്.

പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ഉത്തരകൊറിയയുമായി ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചനയാണ് സിങ്ങിന്റെ സന്ദര്‍ശനം നല്‍കുന്നത്. ആണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഉത്തരകൊറിയയുടെ നടപടിയെ യു.എസിനും മറ്റുരാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് കഴിഞ്ഞവര്‍ഷം ഇന്ത്യയും വിമര്‍ശിച്ചിരുന്നു. ഉത്തരകൊറിയയുടെ നടപടിയെ വിമര്‍ശിച്ചെങ്കിവും അവിടത്തെ നയതന്ത്രകാര്യാലയം പൂട്ടണമെന്ന യു.എസ്. മുന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചിരുന്നില്ല.