മുംബൈ: മുംബൈ വീണ്ടും രണ്ട്‌ വൻ വ്യവസായപ്രമുഖരുടെ മക്കളുടെ വിവാഹത്തിനുവേദിയാകുന്നു. രത്തൻ ടാറ്റയുടെ അർധസഹോദരൻ നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റ, വിക്രം കിർലോസ്കറുടെ മകൾ മാനസിക്ക്‌ വരണമാല്യം ചാർത്തും. ഇവർ തമ്മിലുള്ള വിവാഹനിശ്ചയം മുംബൈയിൽ നടന്നു. രത്തൻ ടാറ്റയും കിർലോസ്കർ കുടുംബവുമായി നേരത്തെതന്നെ അടുത്ത ബന്ധമാണുള്ളത്.

മുംബൈയിലെ ടാറ്റാ അപ്പാർട്ട്‌മെന്റ്സിൽ നടക്കുന്ന ചടങ്ങിൽ മോതിരം കൈമാറും. ഈ വർഷം അവസാനമായിരിക്കും വിവാഹമെന്ന് ഇവരുടെ അടുത്തബന്ധുക്കൾ പറഞ്ഞു. ടാറ്റാ ഇന്റർനാഷണലിന്റെ എം.ഡി.യും ട്രെന്റ് ലിമിറ്റഡിന്റെ ചെയർമാനുമായ നോയൽ ടാറ്റയ്ക്ക് നെവിൽ അടക്കം മൂന്നു മക്കളാണുള്ളത്. ലീ, മായ എന്നീ രണ്ട് പെൺമക്കളുടെ കല്യാണം നോയലിന്റെ വിവാഹത്തിനുശേഷമായിരിക്കും നടക്കുക. മാനസിയുടെ പിതാവ് വിക്രം കിർലോസ്കർ ടൊയോട്ട കിർലോസ്കർ മോട്ടോഴ്‌സിന്റെ വൈസ് ചെയർമാനാണ്. മകൾ മാനസിയും കുടുംബവ്യവസായത്തിൽ സജീവമാണ്.

content highlights: Noel Tata’s son Neville gets engaged to Manasi Kirloskar in Mumbai