ന്യൂഡല്‍ഹി: വിദേശത്ത് പ്രചാരത്തിലുള്ള മരുന്നുകള്‍ വേണ്ടത്ര പരീക്ഷണം നടത്താതെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു. ഇതു സംബന്ധിച്ച കരട് മാര്‍ഗരേഖ ആരോഗ്യ മന്ത്രാലയം സൂക്ഷ്മ പരിശോധനയ്ക്ക് നിയമ മന്ത്രാലയത്തിന് അയച്ചു.

തദ്ദേശീയ മരുന്നുപരീക്ഷണം ഒഴിവാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ പക്ഷം. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗത്തിലുള്ള മരുന്നുകള്‍ മൃഗങ്ങളില്‍ പരീക്ഷിക്കേണ്ടതില്ലെന്നും കരടിലുണ്ട്.

മികച്ച മരുന്നു പരീക്ഷണ സംവിധാനങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍, യു.കെ., യു.എസ്., ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ഉപയോഗത്തിലുള്ള മരുന്നുകള്‍ക്ക് ഇന്ത്യയില്‍ വേഗം അംഗീകാരം നല്‍കും. ഇതോടെ മരുന്നുകള്‍ വിപണിയിലെത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാകുമെന്നാണ് വിശദീകരണം. സാധാരണ പരീക്ഷണം പൂര്‍ത്തിയാക്കി മരുന്നുകള്‍ വിപണിയിലെത്താന്‍ മൂന്ന് മുതല്‍ ആറു വരെ വര്‍ഷമെടുക്കും. പുതിയ നിര്‍ദേശം നടപ്പാക്കുകയാണെങ്കില്‍ ഇത് 45 ദിവസമായി കുറയും.

60 പേരില്‍ നടത്തുന്ന 'ബ്രിഡ്ജിങ് ട്രയല്‍' എന്ന ചെറുപരീക്ഷണമാണ് ഇതിനു പരിഹാരമായി നിര്‍ദേശത്തിലുള്ളത്. ആധുനികമരുന്നുകള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ വൈകുന്നത് ചികിത്സാ സംവിധാനത്തെ ബാധിക്കുന്നുവെന്നും ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങള്‍ ഒഴിവാക്കുന്നത് വഴി മരുന്നുകളുടെ വിലയിലും കുറവ് വരുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ജി.എന്‍.സിങ് അഭിപ്രായപ്പെട്ടു.

ക്ഷയം, ഹെപ്പറ്റൈറ്റിസ്-സി, എച്ച് 1 എന്‍ 1, ഡെങ്കി, മലേറിയ, എയ്ഡ്‌സ് തുടങ്ങിയ ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരീക്ഷണവും ഒഴിവാക്കും. എന്നാല്‍, വിദേശരാജ്യങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കയറിയിച്ചു.

വിദേശീയരില്‍ ഫലവത്താകുന്ന മരുന്നുകള്‍ വ്യത്യസ്ത ജനിതകഘടനയുള്ള ഇന്ത്യക്കാരില്‍ അതേഫലം സൃഷ്ടിക്കണമെന്നില്ല. ആഗോള മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീരുമാനം സഹായകരമാകും. വികസിത രാജ്യങ്ങളിലെ മരുന്നുകള്‍ക്ക് നേരിട്ട് പച്ചക്കൊടി വീശുന്നത് നിയമപരമായ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും.