ന്യൂഡൽഹി: കോവിഡ് വാക്സിന് ക്ഷാമമില്ലെന്നും ഒരു സംസ്ഥാനത്തും വാക്സിൻ ലഭിക്കാത്ത സാഹചര്യം ഉണ്ടാവില്ലെന്നും കേന്ദ്രം. വാക്സിൻ ക്ഷാമം നേരിടുന്നുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും അറിയിച്ചതിനു തുടർച്ചയായി ആരോഗ്യമന്ത്രി ഹർഷ് വർധനാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. എല്ലാ സംസ്ഥാനത്തും അവരുടെ ആവശ്യം നോക്കി വാക്സിൻ എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ചൊവ്വാഴ്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലും മന്ത്രി ഇക്കാര്യം വിശദീകരിച്ചിരുന്നു. മൂന്നു ദിവസംകൂടി ഉപയോഗിക്കാനുള്ള വാക്സിൻ ശേഖരമേ ഉള്ളുവെന്നാണ് മഹാരാഷ്ട്ര കേന്ദ്രത്തെ അറിയിച്ചത്. രണ്ടുദിവസംകൊണ്ട് തങ്ങളുടെ പക്കലുള്ള സ്റ്റോക്ക് കഴിയുമെന്ന് ആന്ധ്രാപ്രദേശും അറിയിച്ചു.

വാക്സിൻ ലഭ്യതയെക്കുറിച്ച് ഏതാനും ആരോഗ്യമന്ത്രിമാരും മുഖ്യമന്ത്രിമാരും ആശങ്ക പങ്കുവെച്ചതായി ഹർഷ് വർധൻ പറഞ്ഞു. അവർക്കെല്ലാം താൻ ഇക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്. കേന്ദ്രം സംസ്ഥാന ആരോഗ്യസെക്രട്ടറിമാരുമായി നിരന്തരം സമ്പർക്കത്തിലുണ്ട്. എവിടെയൊക്കെ വാക്സിന്റെ സ്റ്റോക്ക് തീരുന്നുവോ അവിടങ്ങളിൽ അത് എത്തിച്ചുകൊണ്ടിരിക്കും. ഒരു ക്ഷാമവും വരില്ല.

വാക്സിൻ ഇല്ലാത്തതുകൊണ്ട് പ്രതിരോധ കുത്തിവെപ്പ് നിർത്തിവെക്കേണ്ട സാഹചര്യം ഒരിടത്തും ഉണ്ടാവില്ല. ഏതൊക്കെ വിഭാഗക്കാർക്ക് വാക്സിൻ നൽകണമെന്നാണോ കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത് ആ പ്രവർത്തനം ഊർജിതമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് ഹർഷ് വർധൻ ആവശ്യപ്പെട്ടു.

Content Highlights:  No shortage of Covid-19 vaccines, says Harsh Vardhan as Maharashtra, Andhra send SOS