ന്യൂഡൽഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുള്ള റോഹിംഗ്യൻ അഭയാർഥികൾ കേരളത്തിൽ ഇല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. അതിർത്തി കടന്നുള്ള ഭീഷണികളും നിലനിൽക്കുന്നില്ല.

വയനാട് ജില്ലയിൽ 12 റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്നുണ്ട്. 214 പാകിസ്താൻ പൗരന്മാരും കേരളത്തിൽ താമസിക്കുന്നുണ്ടെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി.

റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് സംസ്ഥാനസർക്കാർ വിവരങ്ങൾ കൈമാറിയത്.

രേഖകളില്ലാതെ താമസിച്ച 70 ബംഗ്ലാദേശികളെ അറസ്റ്റുചെയ്തു. ഇതിൽ 57 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. 13 പേരെ തിരിച്ചയക്കാനുള്ള നടപടികൾ തുടരുന്നു. അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്ത് കടക്കുന്നത് തടയാൻ നിർദേശം നൽകിയിട്ടുണ്ട്.