ന്യൂഡൽഹി: ഒമിക്രോൺ കാരണമുള്ള കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനാൽ അതിജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് നിർദേശം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയുമായുള്ള ഇന്ത്യയുടെ പോരാട്ടം മൂന്നാംവർഷത്തിലേക്ക് കടന്നിരിക്കയാണ്. എന്നാൽ, പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പുണ്ടായ തരംഗങ്ങളെ നേരിട്ടപോലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുൻകരുതലുകളും രോഗവ്യാപനം കുറയ്ക്കാനുള്ള സജീവസമീപനവുമാണ് ആവശ്യം. ഒമിക്രോണിന്റെ അതിവ്യാപനശേഷിയോട് മല്ലിടുകയാണ് രാജ്യം. പുതുതായി ആവിഷ്കരിക്കുന്ന നിയന്ത്രണങ്ങളുടെ പ്രതിഫലനം ആദ്യമെത്തുന്നത് സാധാരണക്കാരനിലാണ്. കോവിഡിനെതിരേ ദേശീയ തലത്തിലുള്ള നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയെ തകർക്കും. അതിനാൽ പ്രാദേശിക നിയന്ത്രണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഗുരുതരരോഗങ്ങളില്ലാത്ത നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ചികിത്സയ്ക്ക് ടെലിമെഡിസിൻ സൗകര്യങ്ങൾ ഉപയോഗിക്കാം.

വാക്സിനേഷനാണ് രോഗത്തെ ചെറുക്കാനുള്ള പ്രധാന പ്രതിവിധി. ഇപ്പോഴുള്ള വൈറസ് വകഭേദങ്ങൾക്കുപുറമേ ഭാവിയിൽ വരാൻ സാധ്യതയുള്ള രോഗാണുവിനെയും നേരിടാൻ വാക്സിനേഷനിലൂടെമാത്രമേ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനുവദിച്ച പാക്കേജുകൾ കൃത്യമായി വിനിയോഗിച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ അഭിനന്ദിച്ചു. ഇത് ഉപയോഗിച്ച് എണ്ണൂറിലധികം പീഡിയാട്രിക് യൂണിറ്റുകൾ, 1.5 ലക്ഷം പുതിയ ഐ.സി.യു., അയ്യായിരത്തിലധികം പ്രത്യേക ആംബുലൻസുകൾ, ഓക്സിജൻ ടാങ്കുകൾ എന്നിവ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും യോഗത്തിന്റെ ഭാഗമായി.