ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവരുടെ പാചകവാതക സബ്‌സിഡി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയതായി സൂചന. അനധികൃത സബ്‌സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

വരുന്ന മാര്‍ച്ചോടെ പാചകവാതകത്തിന്റെ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാന്‍ ഒരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ അടുത്തതായി ലക്ഷ്യംവെക്കുന്നത് സ്വന്തമായി കാറുള്ളവരെയാണ്. കഴിഞ്ഞവര്‍ഷം പത്ത് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരെ പാചകവാതക സബ്‌സിഡിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

രാജ്യത്ത് ഏകദേശം 3.6 കോടി അനധികൃത പാചകവാതക സബ്‌സിഡിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇത് എടുത്തുകളയുന്നതോടെ 30,000 കോടി രൂപയോളം ഖജനാവിലേക്ക് തിരിച്ചെത്തിക്കാമെന്നും ഇത് അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുത്താമെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി ചില ജില്ലകളിലെ ആര്‍.ടി. ഓഫീസുകളില്‍നിന്ന് വാഹന രജിസ്‌ട്രേഷന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് വരികയാണ്.