ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും കോൺഗ്രസ് എം.പി.യുമായ ശശി തരൂരിനെതിരേ പ്രത്യേകിച്ച് ആരോപണങ്ങളോ തെളിവോ ഇല്ലെന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. സുനന്ദയെ ദേഹോപദ്രവമേൽപ്പിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ പറഞ്ഞു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ബുധനാഴ്ചയാണ് കോടതി തരൂരിനെ കുറ്റവിമുക്തനാക്കിയത്. സാധാരണഗതിയിൽ ഒരാളെ ആത്മഹത്യക്ക്‌ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളൊന്നും തരൂരിന്റെ ഭാഗത്തുനിന്നുണ്ടായതായി കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട പരാതികളോ ശാരീരികമായി ക്രൂരത കാണിച്ചതിന്റെ തെളിവോ ഇല്ല.

പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായി തരൂരിന് ബന്ധമുണ്ടായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം ശരിവെച്ചാൽപ്പോലും അത് മാനസികപീഡനത്തിനുള്ള കാരണമായി കാണാനാവില്ല. ആത്മഹത്യയ്ക്കുള്ള പ്രകോപനമോ ആവശ്യപ്പെടലോ പ്രോത്സാഹനമോ നടത്തിയതായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

2014 ജനുവരി 17-നാണ് സുനന്ദയെ ഡൽഹിയിലെ ആഡംബരഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യപ്രേരണ (ഐ.പി.സി. 306), ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ ക്രൂരത (498എ) എന്നീ വകുപ്പുകൾ പ്രകാരമാണ് തരൂരിനെതിരേ പോലീസ് കുറ്റപത്രം നൽകിയത്.

സുനന്ദ പൂർണ ആരോഗ്യവതിയായിരുന്നുവെന്നും വിഷം അകത്തുചെന്നാണ് മരിച്ചതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. തരൂരിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലി സുനന്ദയ്ക്ക് മാനസികപീഡനം നേരിടേണ്ടിവന്നു. സുനന്ദയുടെ വായിലൂടെയാണ് വിഷം അകത്തുചെന്നതെങ്കിലും അത് കുത്തിവെച്ചതാകാനുള്ള സാധ്യത മെഡിക്കൽ വിദഗ്ധർ തള്ളിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

ഡൽഹി പോലീസിനെതിരേ കപിൽ സിബൽ

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹമരണക്കേസിൽ ഏഴുവർഷത്തോളം തികച്ചും പക്ഷപാതപരമായാണ് ഡൽഹി പോലീസ് അന്വേഷണം നടത്തിയതെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ കുറ്റപ്പെടുത്തി. അതിൽ തന്റെ സഹപ്രവർത്തകൻ ശശി തരൂർ എം.പി.ക്കുണ്ടായ മാനഹാനിക്ക് ആരാണ് നഷ്ടപരിഹാരം നൽകുകയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹി പോലീസ് കേസിൽ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. ഇത് അവരുടെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്യുന്നതായും സിബൽ ട്വീറ്റ് ചെയ്തു.