മുംബൈ: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും ബോംബെ ഹൈക്കോടതി ശനിയാഴ്ച പുറപ്പെടുവിച്ച ജാമ്യ ഉത്തരവിൽ വ്യക്തമാക്കി.

ഒക്ടോബർ 28-നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയായിരുന്നു ആര്യനുവേണ്ടി ജാമ്യംനിന്നത്.

പ്രതികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.)ക്ക്‌ ഹാജരാക്കാനായിട്ടില്ലായെന്നും ജാമ്യം നൽകിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവിൽ പറയുന്നു. പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർ ഒരേ കപ്പലിൽ യാത്രചെയ്തെന്നതിനാൽ ഗൂഢാലോചനക്കുറ്റം ചുമത്താൻ കഴിയില്ല. എൻ.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികൾ വിശ്വസിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്. പ്രതികൾ വാണിജ്യപരമായ അളവിൽ ലഹരിമരുന്ന് വാങ്ങാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ല. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടില്ല. - ഉത്തരവിൽ പറയുന്നു.

ഒക്ടോബർ മൂന്നിനാണ് കപ്പലിലെ ലഹരിവിരുന്നു കേസിൽ ആര്യൻ അടക്കമുള്ളവരെ എൻ.സി.ബി. അറസ്റ്റ് ചെയ്തത്. തുടർന്ന് എൻ.സി.ബി. കസ്റ്റഡിയിൽ ദിവസങ്ങളോളം ചോദ്യംചെയ്തു. പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ആർതർ റോഡ് ജയിലിലടച്ചു. സെഷൻസ് കോടതിയിലും എൻ.ഡി.പി.എസ്. പ്രത്യേകകോടതിയിലും ആര്യൻ ഖാൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും അവ തള്ളി. തുടർന്ന് ജാമ്യംതേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് ആര്യൻ ഖാനും മറ്റ് രണ്ട് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 30-നാണ് ജയിലിൽനിന്ന് പുറത്തുവന്നത്.