ബെംഗളൂരു: ചരിത്രനേട്ടം 2.1 കിലോമീറ്റർ അകലെവെച്ച് തെന്നിമാറിയെങ്കിലും ഇന്ത്യയുടെ ചാന്ദ്രദൗത്യം അവസാനിക്കുന്നില്ല. ചന്ദ്രന്റെ നൂറുകിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഓർബിറ്ററിൽനിന്ന് ചന്ദ്രനെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ.

ഇതുവരെ ഒരുരാജ്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ഇന്ത്യ ചന്ദ്രയാൻ-2 ദൗത്യം അയച്ചത്. അതിലെ നിർണായകഘട്ടമായ ലാൻഡറിന്റെ ഇറക്കം അവസാനനിമിഷം പാളിപ്പോയതിൽ നിരാശരായ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ചേർത്തുനിർത്തി ആശ്വസിപ്പിച്ചു.

“പുതിയ പ്രഭാതവും നല്ല നാളെയും വരും. രാജ്യത്തിന്റെ ബഹിരാകാശപദ്ധതിയിലെ മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ” -ഐ.എസ്.ആർ.ഒ. ദൗത്യനിയന്ത്രണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരോട് അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പതിയെ ഇറങ്ങുന്ന (സോഫ്റ്റ് ലാൻഡിങ്) ആദ്യരാജ്യമായി ഇന്ത്യ മാറുന്നതുകാണാൻ ശാസ്ത്രജ്ഞർക്കൊപ്പം ശനിയാഴ്ച പുലർച്ചെ അദ്ദേഹവും അവിടെയുണ്ടായിരുന്നു.

ദൗത്യം പൂർത്തിയായില്ലെന്ന വിവരം ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പ്രധാനമന്ത്രിയെയാണ് ആദ്യമറിയിച്ചത്. പിന്നാലെ ഇക്കാര്യം ഡോ. ശിവൻ പരസ്യമാക്കി. എന്നാൽ, എന്താണു സംഭവിച്ചതെന്നു വിശദീകരിക്കാൻ ഐ.എസ്.ആർ.ഒ.യ്ക്കു കഴിഞ്ഞില്ല. ‘ലാൻഡറിൽനിന്ന് ഓർബിറ്ററിനു ലഭിച്ച വിവരങ്ങൾ പരിശോധിച്ചുവരുകയാണ്. രണ്ടുദിവസത്തിനുള്ളിൽ‍ കൃത്യമായ നിഗമനത്തിലെത്താൻ കഴിയു’മെന്നും അവർ വ്യക്തമാക്കി. ചന്ദ്രന്റെ അടുത്തെത്തിയശേഷം ആശയവിനിമയം നഷ്ടമായതിന്റെ കാരണം പരിശോധിക്കുകയാണെന്ന് ഡോ. ശിവനും പറഞ്ഞു.

ലാൻഡറും അതിലുള്ള റോവറും (ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തേണ്ടിയിരുന്ന ഉപകരണം) എവിടെയെന്നറിയില്ലെങ്കിലും ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെട്ടിട്ടില്ല. ഓർബിറ്റർ ഇപ്പോഴും സാധാരണപോലെ ചന്ദ്രനെ ചുറ്റുന്നതിനാൽ ദൗത്യത്തിന്റെ 95 ശതമാനവും വിജയിച്ചുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള എട്ട് പേലോഡുകൾ ഇതിലുണ്ട്. ചന്ദ്രനിലെ ജലസാന്നിധ്യം അളക്കാനും മൂലകങ്ങളും സാന്നിധ്യം പരിശോധിക്കാനുമുള്ളവയാണിവ. ഈ ഓർബിറ്റർ ഇനിയും ഒരുകൊല്ലത്തോളം ചന്ദ്രനെ ചുറ്റും.

പുലർച്ചെ സംഭവിച്ചത്

ജൂലായ് 22-നു വിക്ഷേപിച്ചയന്നുമുതൽ തുടർച്ചയായി 48 ദിവസം പ്രതീക്ഷയ്ക്കൊത്താണ് ചന്ദ്രയാൻ-2 മുന്നോട്ടുപോയത്. ഭ്രമണപഥമുയർത്തലും ചാന്ദ്രഭ്രമണപഥത്തിലെത്തിക്കലും ദിശ ക്രമീകരിക്കലും വിജയകരമായി നടത്തി. നാലുലക്ഷം കിലോമീറ്ററോളംതാണ്ടി ശനിയാഴ്ച പുലർച്ചെ 1.38-ന് ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോഴാണ് ദക്ഷിണധ്രുവം ലക്ഷ്യമാക്കി ‘വിക്രം’ എന്നുപേരുള്ള ലാൻഡറിനെ ഇറക്കാനുള്ള നിർദേശം നൽകിയത്.

നാലുഘട്ടങ്ങളിലായി നിയന്ത്രിച്ച് 1.53-ന് ദക്ഷിണധ്രുവത്തിൽ സാവധാനം ഇറക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ 10 മിനിറ്റുകൊണ്ട് മുൻനിശ്ചയിച്ചപ്രകാരം ചന്ദ്രന്റെ 7.4 കിലോമീറ്റർ മുകളിലെത്തിച്ചു.

തൊട്ടടുത്തഘട്ടമായിരുന്നു ലാൻഡറിനെ കുത്തനെയിറക്കേണ്ട ഫൈൻ ലാൻഡിങ്. ഈ ശ്രമത്തിനിടെ നിശ്ചയിച്ച പാതയിൽനിന്ന് ലാൻഡർ തെന്നിമാറി. ചന്ദ്രനു തൊട്ടുമുകളിൽ, 2.1 കിലോമീറ്റർ മാത്രം അകലമുള്ളപ്പോൾ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി. ലാൻഡറിലെ സൗരോർജ പാനലുകൾക്കു മുകളിലായാണ് ആശയവിനിമയ സംവിധാനം.

ലാൻഡർ ചാന്ദ്രത്തറയിൽ ഇടിച്ചിറങ്ങിയോ? തകർന്നുവീണോ? എന്താണു സംഭവിച്ചതെന്നു പറയാൻ ഐ.എസ്.ആർ.ഒ.യ്ക്കു കഴിഞ്ഞിട്ടില്ല.

ലാൻഡർ കണ്ടെത്തിയേക്കും

ആശയവിനിമയം നഷ്ടമായ ലാൻഡർ കണ്ടെത്താനായി ഓർബിറ്ററിൽനിന്നു വേർപെട്ടശേഷം അതിൽനിന്നു ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയാണ് ശാസ്ത്രജ്ഞർ. 10 മിനിറ്റുനേരത്തെ സുഗമസഞ്ചാരത്തിനുശേഷം നിർദിഷ്ടപാതയിൽനിന്നു തെന്നിപ്പോയ ലാൻഡറിന് എന്തുപറ്റിയെന്നു കണ്ടെത്തണം. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങാനും ഗർത്തങ്ങളിൽപ്പെടാനും സാധ്യതയുണ്ട്. സുരക്ഷിതമായി ഇറങ്ങാനുള്ള സാധ്യത കുറവാണെന്നാണു നിഗമനം.

Content Highlights: No defeat; The mission will continue