ചെന്നൈ: നീറ്റ് പരീക്ഷ എഴുതാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെ വിമർശിച്ച നടൻ സൂര്യയ്ക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കാൻ വിസ്സമ്മതിച്ച് മദ്രാസ് ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സൂര്യയുടെ വിമർശനം. ചീഫ് ജസ്റ്റിസ് എ.പി. സാഹി, ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തി എന്നിവരാണ് വിധി പ്രസ്താവിച്ചത്. എന്നാൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ സംഭവത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
നടൻ സൂര്യയ്ക്കെതിരേ നടപടി വേണ്ടെന്ന തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണന്റെ അഭിപ്രായത്തോട് യോജിക്കുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയെ വിമർശിച്ച സൂര്യയ്ക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസ് എ.പി. സാഹിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടിയത്. കോടതിക്കെതിരേ അഭിപ്രായപ്രകടനം നടത്തുന്നവരുടെ പേരിൽ സ്വമേധയാ കേെസടുക്കാൻ ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടാറുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യക്കേസ് വേണ്ടെന്നുവെച്ചത്.
അതേസമയം, ചീഫ് ജസ്റ്റിസിന് കത്തയച്ച ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് കത്ത് ലഭിക്കും മുമ്പുതന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതും ചൂണ്ടിക്കാട്ടിയാണ് സൂര്യയുടെ അഭിഭാഷകൻ സി.ആർ. ജയസുകിൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.