ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന സുപ്രീംകോടതിയിൽ കേരളത്തിന് തിരിച്ചടിയായെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.

തമിഴ്‌നാട് അവരുടെ വാദം ശക്തിപ്പെടുത്താൻ ഈ പ്രസ്താവനയും ഉപയോഗിച്ചെന്ന് മുൻസംസ്ഥാന ജലവിഭവമന്ത്രിയായ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സർക്കാരിന് നയപരമായ വ്യക്തത ഇല്ലെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സർ സി.പി. രാമസ്വാമി അയ്യരുടെ കാലംമുതൽ കേരളം സ്വീകരിച്ച സുസ്ഥിരനിലപാട് ദുർബലമായി. സുരക്ഷയിൽ ആശങ്കയില്ലെങ്കിൽ പുതിയ അണക്കെട്ട് എന്തിനെന്ന പ്രസക്തമായ ചോദ്യമാണ് തമിഴ്‌നാട് ഉയർത്തിയത്.

തമിഴ്‌നാടിന്റെ വാദങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളം കോടതിയിലും അധികാരസ്ഥാനങ്ങളിലും അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച്‌ പരാതിപ്പെടുമ്പോൾ ജനങ്ങൾ ആശങ്ക പങ്കുവെക്കുന്നത് എങ്ങനെ കുറ്റകരമാകും. സർക്കാരിന്റെ വീഴ്ച കാരണമാണ് ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന തമിഴ്‌നാടിന്റെയും മേൽനോട്ട സമിതിയുടെയും വാദം കോടതി അംഗീകരിച്ചത്. 142 അടി വെള്ളം സംഭരിക്കാൻ അണക്കെട്ട് സുരക്ഷിതമാണെന്ന് മേൽനോട്ട സമിതിയിൽ കേരളം സമ്മതിച്ചതായി വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

2014-ലെ സുപ്രീംകോടതി വിധിയിലൂടെ കേരളത്തിനുലഭിച്ച പരിമിതമായ അവകാശമാണ് സംസ്ഥാനത്തിന്റെ പ്രതിനിധികൂടി ഉൾപ്പെടുന്ന മൂന്നംഗ മേൽനോട്ടസമിതി. സുരക്ഷ ഉറപ്പുവരുത്തുക, ജലവിതാനം ക്രമീകരിക്കുക എന്നിവ സമിതിയുടെ ചുമതലയാണ്. സമിതി അണക്കെട്ടിൽ മുഴുവൻസമയ വിവരശേഖരണം നടത്തി സുരക്ഷാ ഓഡിറ്റിങ്ങിലൂടെ റിപ്പോർട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. എന്നാൽ, ഇൗ പ്രവർത്തനം കടലാസിൽ മാത്രമാണ്. കുമളിയിൽ ഓഫീസ് ആരംഭിച്ചതല്ലാതെ ജീവനക്കാരെപ്പോലും നിയോഗിച്ചില്ല. തമിഴ്‌നാട് നൽകുന്ന വിവരങ്ങളെയാണ് കേരളം ആശ്രയിക്കുന്നതെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

136 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കേന്ദ്രസർക്കാരിനെയും സുപ്രീംകോടതിയെയും ബോധ്യപ്പെടുത്താനും പരിഹാരമാർഗം തേടാനും സർക്കാർ തയ്യാറാകണം. ഡൽഹി ഐ.ഐ.ടി.യുടെ പ്രളയസാധ്യതാ പഠനറിപ്പോർട്ടിന്റെയും റൂർക്കി ഐ.ഐ.ടി.യുടെ ഭൂകമ്പ സാധ്യതാ റിപ്പോർട്ടിന്റെയും പ്രസക്തി ഉപയോഗപ്പെടുത്തണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.