മുംബൈ: നോട്ടുനിരോധനത്തിനും ജി.എസ്.ടി.ക്കും രാഷ്ട്രീയമായി വിലനൽകാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. കള്ളപ്പണം കുറയ്ക്കാനും വിപണിയെ മെച്ചപ്പെടുത്താനുമായുള്ള ഈ നടപടികളെ രാഷ്ട്രീയവത്കരിക്കരുതെന്നും അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം പോലെയാകില്ല 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിൽ സ്വകാര്യചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്‌കരി.

രാജ്യത്ത് കാർഷികമേഖലയിൽ പ്രതിസന്ധിയുണ്ടെന്നും ഗ്രാമങ്ങളിൽ അസ്വസ്ഥത നിലനിൽക്കുന്നുവെന്നും സമ്മതിക്കുന്നു. കാർഷികമേഖലയ്ക്കാണ് മോദി സർക്കാർ ഏറ്റവും പ്രാധാന്യം നൽകുന്നത്. വളരെ സങ്കീർണമായ മേഖലയാണ് എന്നതിനാൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമയമെടുക്കും -ഗഡ്‌കരി വിശദീകരിച്ചു.