മുംബൈ: പുണെയ്ക്കടുത്ത് അഹമ്മദ്‌നഗറിൽ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വേദിയിൽ കുഴഞ്ഞുവീണു.

മഹാത്മാഗാന്ധി ഫുലേ കൃഷി വിദ്യാപീഠ് (എം.പി.കെ.വി.) കാർഷിക സർവകലാശാലയിൽ വിദ്യാർഥികളുടെ ബിരുദദാനചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീഴാൻ തുടങ്ങിയ ഗഡ്കരിയെ മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർറാവു താങ്ങിപ്പിടിച്ചെങ്കിലും വേദിയിലേക്ക് വീഴുകയായിരുന്നു.

പരിപാടിക്കെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷം സീറ്റിലേക്ക് മടങ്ങിയ ഗഡ്കരി പിന്നീട് ദേശീയഗാനത്തിനായി എഴുന്നേറ്റുനിന്നപ്പോഴാണ് ബോധരഹിതനായത്. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടുത്ത ചൂടും രക്തത്തിൽ പഞ്ചസാരയുടെ അളവുകുറഞ്ഞതുമാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്ന്‌ നിതിൻ ഗഡ്കരി പിന്നീട് ട്വീറ്റ് ചെയ്തു. അദ്ദേഹം സുഖംപ്രാപിച്ചതായി ആശുപത്രി അധികൃതരും അറിയിച്ചു. ഗഡ്കരി പിന്നീട് ഷിർദി സായിബാബ ക്ഷേത്രത്തിലേക്കും അവിടെനിന്ന് നാഗ്പുരിലേക്കും പോയി.