ന്യൂഡൽഹി: മാലിന്യമുക്തവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗതമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സൈക്കിൾയാത്രയ്ക്ക് മുൻഗണന നൽകും. പ്രധാനപ്പെട്ട റോഡുകളിൽ സൈക്കിൾ ട്രാക്കുകൾ നിർമിക്കുമെന്നും 2018-ലെ യാത്രാസൗഹൃദ സൂചിക പുറത്തിറക്കിക്കൊണ്ട് മന്ത്രി പറഞ്ഞു.

നാഗ്പുരിൽ ബ്രോഡ്‌ഗേജ് മെട്രോ കൊണ്ടുവരും. 120 കിലോമീറ്റർ വേഗമുള്ള മെട്രോ ട്രെയിനുകളാകും ബ്രോഡ്‌ഗേജ് ലൈനിൽ സർവീസ് നടത്തുക.

ഡൽഹി-ഗോവ ജലപാതയുടെ ട്രയൽ റൺ വൈകാതെ നടക്കും. സ്വകാര്യവാഹനങ്ങൾ നിരുത്സാഹപ്പെടുത്തുന്ന നയമാണ് സർക്കാരിന്റേത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും എഥനോൾ, മെഥനോൾ, ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകും.

ഡൽഹി - ജയ്‌പുർ, ഡൽഹി - ചണ്ഡിഗഢ് പാതകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ജനങ്ങൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കണം. ജൈവഇന്ധനം ഉപയോഗിക്കുന്ന ഇരുനില ബസ്സുകൾ നിരത്തിലിറക്കുന്നതും സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.