ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തന്റെ കൈലാസ രാജ്യത്തിലേക്ക് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തി വിവാദ ആൾദൈവം നിത്യാനന്ദ. ഇന്ത്യക്കാർക്ക് പുറമേ ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ദ്വീപിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. നിത്യാനന്ദയുടെ പ്രസ്താവന സാമൂഹികമാധ്യമങ്ങളിൽ വൈറലായി. പലരും ചിരിക്കുന്ന ഇമോജികളോടെ പ്രസ്താവന വീണ്ടും ട്വീറ്റ്‌ ചെയ്തു.

ബലാത്സംഗ കേസുകളിൽ ഒളിവിൽക്കഴിയുന്ന നിത്യാനന്ദ 2019 മുതൽ ഇക്വഡോർ തീരത്തിനടുത്തുള്ള ഒരു ദ്വീപിലാണ് കൈലാസ രാജ്യം സ്ഥാപിച്ചത്. കൈലാസ രാജ്യത്തിന് സ്വന്തമായി റിസർവ് ബാങ്കും കറൻസിയും പ്രധാനമന്ത്രിയും മന്ത്രിസഭയും ഉണ്ടെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. കൈലാസത്തെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണമെന്ന് നിത്യാനന്ദ ഐക്യരാഷ്ട്രസഭയോട് അഭ്യർഥിച്ചിട്ടുണ്ട്.