ന്യൂഡൽഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അടിയന്തര ആശ്വാസനടപടികളുമായി കേന്ദ്രസർക്കാർ. പാപ്പരത്വനിയമപ്രകാരം കമ്പനികൾക്കെതിരേ നടപടിയെടുക്കാനുള്ള തുകയുടെ പരിധി ഒരു ലക്ഷത്തിൽനിന്ന് ഒരു കോടിയാക്കി (നൂറു മടങ്ങ്) ഉയർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഏപ്രിൽ 30 വരെ കൊറോണ പ്രശ്നം തുടരുകയാണെങ്കിൽ ആറുമാസത്തേക്ക് പാപ്പരത്വ നടപടികൾ തടയാനും തീരുമാനിച്ചിട്ടുണ്ട്. കടം കൊടുത്ത ധനകാര്യസ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തി വർധിപ്പിക്കാൻ ഇത് വഴിയൊരുക്കും.

പ്രധാന നിർദേശങ്ങൾ

 • വൈകി നികുതി അടയ്ക്കുമ്പോഴുള്ള പലിശ 12 ശതമാനത്തിൽനിന്ന് 9 ശതമാനമാക്കി.
 • ടി.ഡി.എസ്. വൈകിയാലുള്ള പലിശ 9 ശതമാനം ആക്കി കുറച്ചു.
 • നോട്ടീസ് നൽകൽ, അപ്പീലുകൾ, വിജ്ഞാപനങ്ങൾ, അനുമതികൾ, അംഗീകരിക്കൽ, റിട്ടേണുകൾ, അപേക്ഷകൾ, സേവിങ്സ് നിക്ഷേപങ്ങൾ, മൂലധന നേട്ട നിക്ഷേപങ്ങൾ എന്നിവയുടെ തീയതികളും ജൂൺ 30 വരെ.

ജി.എസ്.ടി.

 • 2020 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) റിട്ടേണുകളും കോമ്പോസിഷൻ റിട്ടേണുകളും ജൂൺ 30 വരെ നൽകാം.
 • അഞ്ചുകോടിയിൽത്താഴെ വിറ്റുവരവുള്ള കമ്പനികൾക്ക് പലിശ, വൈകിയാലുള്ള ഫീസ്, പിഴ എന്നിവ നൽകേണ്ട.
 • അതിനുമുകളിൽ വിറ്റുവരവുള്ള വലിയ കമ്പനികൾക്ക്, വൈകിയാലുള്ള ഫീസും പിഴയും ഇല്ല. പലിശ ഒമ്പതുശതമാനം അടച്ചാൽ മതി.
 • കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കുന്നതിനും ജൂൺ 30 വരെ അവസരം.

കമ്പനികൾ

 • റിട്ടേണുകൾ വൈകി ഫയൽ ചെയ്യുന്നതിന് 2020 ജൂൺ 30 വരെ അധിക ഫീസില്ലല്ല.
 • നിർബന്ധമായും ബോർഡ് യോഗങ്ങൾ നടത്തണമെന്ന നിബന്ധന, അടുത്ത രണ്ടു പാദങ്ങളിൽ (60 ദിവസം) ഒഴിവാക്കുന്നു.
 • സ്വതന്ത്ര ഡയറക്ടർക്ക് യോഗത്തിൽ പങ്കെടുക്കായില്ലെങ്കിൽ, അത് വ്യവസ്ഥാ ലംഘനമായി കാണില്ല.
 • കമ്പനീസ് (ഓഡിറ്റേഴ്‌സ് റിപ്പോർട്ട്) ഓർഡർ 2019-’20-ന് ഒഴിവാക്കി. 2020-’21 മുതൽ ബാധകം.

കസ്റ്റംസ്

 • കസ്റ്റംസ് ക്ലിയറൻസ് അവശ്യ സേവനമാക്കി.
 • ജൂൺ 30 വരെ കസ്റ്റംസ് ക്ലിയറൻസ് 24 മണിക്കൂറും.

Content Highlights: Nirmala Sitharaman's Address on Coronavirus Outbreak