ന്യൂഡൽഹി: ഇന്ധന വിലവർധന ഏറെ വിഷമമുണ്ടാക്കുന്നുണ്ടെന്നും വില കുറയ്ക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും ധനമന്ത്രി നിർമലാ സീതാരാമൻ. വില കുറയ്ക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ചർച്ച നടത്തണമെന്നും അവർ നിർദേശിച്ചു.

“വില കുറയുക എന്നതല്ലാതെ ഇവിടെ മറ്റൊരു ഉത്തരമില്ല. കേന്ദ്രമന്ത്രിസഭയിലെ ഒരംഗംമാത്രമാണ് താൻ. വിലവർധനയ്ക്കു പിന്നിലെ യാഥാർഥ്യങ്ങൾ എത്ര പറയാൻ ശ്രമിച്ചാലും ഉത്തരത്തിൽനിന്ന് ഒളിച്ചോടുകയാണെന്നേ തോന്നൂ. വിലയുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന് നിയന്ത്രണമൊന്നുമില്ല. ഇറക്കുമതിക്കും സംസ്കരണത്തിനും വിതരണത്തിനും മറ്റും വേണ്ട ചെലവ് കണക്കാക്കി എണ്ണക്കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത്.

ഇന്ധനവില ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദേശത്തെക്കുറിച്ച് ജി.എസ്.ടി. കൗൺസിലാണ് തീരുമാനിക്കേണ്ടത്. അതിന് സംസ്ഥാനങ്ങളുമായി ചർച്ചനടത്തണം. കൗൺസിൽ അംഗീകരിച്ചാൽ രാജ്യമൊട്ടുക്കും ഒറ്റവില നടപ്പാക്കാൻ സാധിക്കും” -മന്ത്രി പറഞ്ഞു.

ഇന്ധനവില കൂടുമ്പോൾ അവശ്യസാധനങ്ങളുടെ വില കൂടുമെന്നും അത് സാധാരണക്കാരെ ബാധിക്കുമെന്നും കേന്ദ്ര ബജറ്റിനെക്കുറിച്ച് ചെന്നൈയിൽ നടന്ന ചർച്ചയ്ക്കുശേഷം അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Content Highlights: Nirmala Sitharaman on demand to reduce oil price