ന്യൂഡൽഹി: അടുത്ത നാല് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. റോഡ്, റെയിൽവേ, ഊർജം, എണ്ണ-വാതക പൈപ്പ്‌ലൈൻ, ടെലികോം തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ 25 വിമാനത്താവളങ്ങളുടെ വിൽപ്പനയിലൂടെ 20,782 കോടി സമാഹരിക്കും(18 ശതമാനം). 2023-ലാണ് കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച് പദ്ധതിയിട്ടിരിക്കുന്നത്.

നിലവിലുള്ള ആസ്തികൾ (ബ്രൗൺഫീൽഡ്) നടത്തിപ്പിനാണ് കൈമാറുകയെന്നും ഉടമസ്ഥത സർക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലാവധി കഴിഞ്ഞാൽ തിരിച്ചുലഭിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു.

നിതി ആയോഗ് തയ്യാറാക്കിയ ദേശീയ ധനസമാഹരണ പദ്ധതിയുടെ (നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ-എൻ.എം.പി.) വിവരങ്ങളടങ്ങിയ രണ്ട്‌ വാള്യങ്ങൾ പുറത്തിറക്കിയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ബജറ്റിൽ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തിവിൽപ്പനയുടെ 14 ശതമാനം വരുന്നതാണിവ. വെയർഹൗസിങ്, ഖനനം, വ്യോമയാനം, തുറമുഖം, സ്റ്റേഡിയങ്ങൾ, നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ എന്നിവയടക്കം വിറ്റഴിക്കുന്നതിൽ ഉൾപ്പെടും.

ഉയർന്ന നിലവാരമുള്ളതും ചെലവ് താങ്ങാനാവുന്നതുമായ സൗകര്യങ്ങൾ സാധാരണക്കാരന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ധനസമാഹരണത്തിലൂടെ നിർമാണവും അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യമേഖലയുടെ സമ്പത്തുപയോഗപ്പെടുത്തുകയുമാണ് ഉദ്ദേശിക്കുന്നത്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, ജനക്ഷേമത്തിനായി ഗ്രാമ-അർധ നഗര സംയോജനം എന്നിവ ആസ്തിവിൽപ്പനയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈയിടെ സംസ്ഥാനങ്ങൾക്ക് മൂലധനച്ചെലവിനായി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജ് ഇത്തരത്തിലുള്ളതായിരുന്നെന്നും ഇതുവഴി തീർത്തും നവീനമായ പദ്ധതികൾക്ക് (ഗ്രീൻഫീൽഡ്) തുടക്കം കുറിക്കാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ ധനസമാഹരണ പദ്ധതി വിജയിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് പറഞ്ഞു. പദ്ധതികൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മികച്ച പ്രവർത്തനത്തിനും പരിപാലനത്തിനും സ്വകാര്യ മേഖല വളരെ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

chart

Content Highlights: Nirmala Sitharaman launches Rs 6-lakh-crore National Monetisation pipeline