ന്യൂഡൽഹി: രാജ്യത്ത് മുന്നൂറുകോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനായി തൊഴിലുറപ്പു പദ്ധതിക്ക് 40,000 കോടി രൂപ അധികമായി അനുവദിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സ്വാശ്രയഭാരത പാക്കേജിന്റെ ഭാഗമായാണിത്.

സംസ്ഥാനങ്ങളുടെ വായ്പാ പരിധി അവയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ(ജി.എസ്.ഡി.പി.) മൂന്ന്‌ ശതമാനത്തിൽ നിന്ന് അഞ്ച്‌ ശതമാനമാക്കി. പൊതുവിപണിയിൽനിന്ന് വായ്പയെടുക്കാനുള്ള പരിധി ഉയർത്തണമെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടുവരുന്നതാണ്. പാക്കേജിന്റെ അവസാനഘട്ട പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 60,000 കോടി രൂപയാണ് ഈ സാമ്പത്തികവർഷത്തേക്കായി നീക്കിവെച്ചിരുന്നത്. അടച്ചിടലിൽ ജോലിനഷ്ടമുണ്ടായവരെക്കൂടി ലക്ഷ്യമിട്ട് 300 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാണ് 40,000 കോടി രൂപകൂടി അധികമായി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ

* വായ്പക്കുടിശ്ശികക്കാർക്കെതിരായ പാപ്പരത്ത നടപടികൾ ഒരുവർഷത്തേക്കു നിർത്തിവെക്കും. പാപ്പരത്ത നടപടിക്കുള്ള കുറഞ്ഞ പരിധി ഒരു ലക്ഷത്തിൽനിന്ന് ഒരു കോടി രൂപയാക്കി ഉയർത്തും. രണ്ട്‌ നടപടികളും ചെറുകിട സംരംഭങ്ങൾക്കു ഗുണം ചെയ്യും.

കമ്പനി നിയമത്തിനുകീഴിൽ വരുന്ന ഒട്ടുമിക്ക കുറ്റങ്ങളും ക്രിമിനൽക്കുറ്റമല്ലാതാക്കും. കമ്പനികളുടെ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും കോടതിയിലോ ട്രിബ്യൂണലുകളിലോ എത്തുന്നതിനുമുൻപേ ആഭ്യന്തരതലത്തിൽ തീർപ്പാക്കാൻ സംവിധാനമുണ്ടാക്കും.

* സർക്കാരിന്റെ ഭരണനിർവഹണ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും. തന്ത്രപരമായ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം ഒന്നുമുതൽ നാലു വരെയാക്കി കുറയ്ക്കും. മറ്റുള്ളവ സ്വകാര്യവത്കരിക്കുകയോ ലയിപ്പിക്കുകയോ ഹോൾഡിങ്‌ കമ്പനികളുടെ കീഴിൽ കൊണ്ടുവരികയോ ചെയ്യും.

* കോവിഡിന്റെ സാഹചര്യത്തിൽ വിദ്യാഭ്യാസരംഗത്തു വലിയ മാറ്റമാണ് ലക്ഷ്യമിടുന്നത്. ഒന്നു മുതൽ 12 വരെ ക്ലാസുകൾക്കു പ്രത്യേകം ടി.വി. ചാനലുകൾ തുടങ്ങും. റേഡിയോ, കമ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റ് സൗകര്യങ്ങളും വിദ്യാഭ്യാസരംഗത്ത് വിപുലമായി ഉപയോഗിക്കും. ക്യു.ആർ. കോഡ് ഉൾക്കൊള്ളിച്ച് ഇ- ഉള്ളടക്കത്തോടെയുള്ള പാഠപുസ്തകങ്ങൾ ഇറക്കും. മികച്ച നൂറ്‌് സർവകലാശാലകൾക്ക് സ്വന്തമായി ഓൺലൈൻ ക്ലാസുകൾ തുടങ്ങാനും അനുമതി നൽകി.

* ഭാവിയിലുണ്ടാകാവുന്ന മഹാമാരികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ ജില്ലകളിലും പകർച്ചവ്യാധി പ്രതിരോധ ആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കും. ബ്ലോക്കടിസ്ഥാനത്തിൽ സംയോജിത പൊതുലാബുകളുമുണ്ടാക്കും.

Content Highlight: Nirmala Sitharaman allocates additional Rs 40,000 crore for MNREGA