ബോസ്റ്റൺ: ലഖിംപുർ ഖേരിയിൽ വാഹനമിടിച്ചുകയറ്റി കർഷകർ കൊല്ലപ്പെടാനിടയായ സംഭവം തികച്ചും അപലപനീയമാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ യു.എസിൽ പറഞ്ഞു. എന്നാൽ, സമാനമായ സംഭവങ്ങൾ രാജ്യത്ത് മറ്റിടങ്ങളിലും നടക്കുന്നുണ്ട്. അവയും ഉയർന്നുവരണം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനത്ത് പ്രശ്നം നടക്കുമ്പോഴും മന്ത്രിസഭാംഗത്തിന്റെ മകൻ കേസിൽപ്പെടുമ്പോഴും മാത്രം പ്രശ്നങ്ങളുയർത്തുകയല്ല വേണ്ടത്. ഇന്ത്യയെക്കുറിച്ചറിയുന്ന ഡോ. അമർത്യസെൻ അടക്കമുള്ളവർ അവയെക്കുറിച്ചും പറയണമെന്ന് താനാഗ്രഹിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച ഹാർവാഡ് കെന്നഡി സ്കൂളിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ചോദ്യങ്ങൾക്കു മറുപടിപറയുകയായിരുന്നു അവർ.

‘‘ഇത് എന്റെ പാർട്ടിയെയോ പ്രധാനമന്ത്രിയെയോ പ്രതിരോധിക്കലല്ല. ഇന്ത്യയെ പ്രതിരോധിക്കലാണ്. ഇന്ത്യക്കുവേണ്ടിയും പാവപ്പെട്ടവരുടെ നീതിക്കുവേണ്ടിയും ഞാൻ സംസാരിക്കും. ഇന്ത്യൻ സർക്കാർ കൊണ്ടുവന്ന പുതിയ മൂന്നുനിയമങ്ങൾ പാർലമെന്റിന്റെ വിവിധസമിതികളിൽ ചർച്ചചെയ്തതാണ്. പതിറ്റാണ്ടോളമെടുത്താണ് അത് തയ്യാറാക്കിയത്. കർഷകവിരുദ്ധമായൊന്നും അതിലില്ല’’ -നിർമല പറഞ്ഞു.

രാജ്യത്ത് കൽക്കരി ദൗർലഭ്യംമൂലം പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണ്. കൽക്കരി ദൗർലഭ്യമുണ്ടാവുമെന്ന വാർത്ത വൈദ്യുതിമന്ത്രി ആർ.കെ. സിങ് തള്ളിയതാണ് -മന്ത്രി പറഞ്ഞു.