ന്യൂഡല്‍ഹി: വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

തന്റെ പ്രഥമ ബജറ്റില്‍ സ്വീകരിച്ച നടപടികള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായും വാഹനവിപണി കരുത്ത് വീണ്ടെടുക്കുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു. സമ്പദ് വ്യവസ്ഥയെക്കുറിച്ച് ബുധനാഴ്ച രാജ്യസഭയില്‍ നടന്ന ഹ്രസ്വ ചര്‍ച്ചയില്‍ പ്രതിപക്ഷാരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

‘‘എന്നന്നേക്കുമുള്ള മാന്ദ്യമല്ല രാജ്യത്തെ ബാധിച്ചിട്ടുള്ളത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 2009-’14 കാലഘട്ടത്തില്‍ 6.4 ശതമാനമായിരുന്നു. 2014-’19 കാലത്തിത് 7.5 ശതമാനമായി ഉയര്‍ന്നു. പണപ്പെരുപ്പം ലക്ഷ്യമിട്ടതിലും താഴെയാണ്’’ -നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

അതേസമയം, രാജ്യം നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നും സമ്പദ്‍വ്യവസ്ഥയെ ബാധിച്ചിട്ടുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ഫലമില്ലെന്നും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

അവസാന എട്ടു പാദങ്ങളില്‍ ജി.ഡി.പി. വളര്‍ച്ച താഴ്ന്നതായും യാഥാര്‍ഥ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് അംഗം ജയ്‌റാം രമേഷ് പറഞ്ഞു. ‘‘നിക്ഷേപ-ഉപഭോഗ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. നോട്ടുനിരോധനത്തിന്റെ തിക്തഫലം ഇപ്പോഴും അനുഭവിക്കുകയാണ്. തിരക്കിട്ടു നടപ്പാക്കിയ ജി.എസ്.ടി. ചെറുകിട- ഇടത്തരം കച്ചവടക്കാര്‍ക്ക് വലിയ ആഘാതം ഏല്‍പ്പിച്ചു’’ -അദ്ദേഹം പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചാക്രികമല്ലെന്നും ഘടനാപരമാണെന്നും സി.പി.എം. രാജ്യസഭാ ഉപനേതാവ് എളമരം കരീം പറഞ്ഞു. ‘‘മുതലാളിത്ത സംവിധാനം സൃഷ്ടിക്കുന്ന പ്രതിസന്ധിയാണിത്. തൊഴിലില്ലായ്മ അഞ്ചുദശകക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലുകോടി പേര്‍ തൊഴിലെടുക്കുന്ന വാഹനനിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ മാത്രം 10 ലക്ഷം തൊഴിലാളികളെ പിരിച്ചുവിട്ടു. കേരളത്തില്‍ യൂണിറ്റുകളുള്ള എം.ആര്‍.എഫും അപ്പോളോയും പ്രശ്നത്തിലാണ്. വാങ്ങല്‍ശേഷി വര്‍ധിച്ചെങ്കില്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനാകൂ. പശ്ചാത്തലസൗകര്യ മേഖലയില്‍ വലിയ നിക്ഷേപം ഇതിനാവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ ദിശയിലല്ല നീങ്ങുന്നത്.’’ -അദ്ദേഹം പറഞ്ഞു.

യഥാർഥപ്രശ്നങ്ങൾ മറച്ചുവെച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം ആവർത്തിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷകക്ഷികൾ പിന്നീട് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Content Highlights: Nirmala Sitaraman slowdown