ന്യൂഡൽഹി: ഏഴുവർഷത്തിനുശേഷം തന്റെ മകളുടെ ആത്മാവിനു ശാന്തികിട്ടാൻ പോവുകയാണെന്ന് നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമതടസ്സങ്ങൾ മാറിയ സാഹചര്യത്തിലാണ് പ്രതികരണം. വെള്ളിയാഴ്ചയാണ് ശിക്ഷ നടപ്പാക്കുന്നത്.

“അവസാനം പ്രതികളെ തൂക്കിലേറ്റാൻ പോകുന്നു. ഇനി തനിക്ക് സമാധാനം ലഭിക്കും” -അവർ പറഞ്ഞു.

തളർന്നുവീണ് പ്രതിയുടെ ഭാര്യ

ഡൽഹി പട്യാല ഹൗസ് കോടതിക്ക് പുറത്ത് നിർഭയ പ്രതി അക്ഷയ് കുമാറിന്റെ ഭാര്യ പുനീത ദേവി തളർന്നുവീണു. ഭർത്താവിനെ തൂക്കിലേറ്റിയാൽ താനും ആത്മഹത്യ ചെയ്യുമെന്ന്‌ അവർ ഭീഷണിമുഴക്കിയത് നാടകീയരംഗങ്ങളുണ്ടാക്കി. തന്നെക്കൂടി കൊല്ലൂവെന്ന് പറഞ്ഞ് അവർ ബഹളംവെച്ചു. അതിനിടെ, തൂക്കിലേറ്റപ്പെട്ടയാളുടെ ഭാര്യയായിരിക്കാൻ താത്പര്യമില്ലെന്നുകാട്ടി പുനീത നൽകിയ വിവാഹമോചന ഹർജി ബിഹാർ കോടതി മാർച്ച് 24-ലേക്ക് മാറ്റി.

content highlights: nirbhaya's mother responds