ന്യൂഡൽഹി: മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളിൽ ഒരാളായ വിനയ് ശർമ നൽകിയ ഹർജി ഡൽഹി കോടതി തള്ളി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ പൊതുവായ ഉത്കണ്ഠയും വിഷാദവും ഉണ്ടാകുക സ്വാഭാവികമാണെന്ന് നിരീക്ഷിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ഹർജി തള്ളിയത്.

മാനസികാസ്വാസ്ഥ്യമുള്ളതിനാൽ വിദഗ്ധ ചികിത്സവേണമെന്ന് ആവശ്യപ്പെട്ട് വിനയ് ശർമയുടെ അഭിഭാഷകൻ എ.പി. സിങ് വ്യാഴാഴ്ച കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിക്കു മതിയായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും മാനസികസംഘർഷം ലഘൂകരിക്കാൻ കൗൺസലിങ് നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജയിലധികൃതർ നൽകിയ സി.ഡി. കണ്ടു. അതിൽ പ്രതി കുടുംബാംഗങ്ങളോടും അഭിഭാഷകനോടും സംസാരിക്കുന്നത് കാണാം. കുറ്റവാളിയുടെ സ്വരവും പ്രകൃതവും അസാധാരണമായ പെരുമാറ്റത്തെ സൂചിപ്പിക്കുന്നില്ല. മറിച്ച് പ്രതി ആരോഗ്യവാനാണെന്ന മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നതാണെന്നും ജഡ്ജി വിധിയിൽ വ്യക്തമാക്കി.

മാർച്ചു മൂന്നിനാണ് നാലുപ്രതികളെയും തൂക്കിലേറ്റുക. ഇതിനു മുന്നോടിയായി ബന്ധുക്കളെ അവസാനമായി കാണാൻ അവസരമുണ്ടെന്ന് പ്രതികളെ ജയിലധികൃതർ രേഖാമൂലം അറിയിച്ചു.

Content Highlights: Nirbhaya case Vinay Sharma