നിർഭയകേസിലെ നാലു പ്രതികളെ ഒന്നിച്ചു തൂക്കിലേറ്റുന്നതിനുമുമ്പ് പരമോന്നത നീതിപീഠം സാക്ഷ്യം വഹിച്ചത് നിയമയുദ്ധത്തിന്റെ അത്യപൂർവ സന്ദർഭം. വധശിക്ഷയിൽനിന്നു രക്ഷപ്പെടാൻ പ്രതികളും അതിക്രൂരമായി കൊല്ലപ്പെട്ട മകൾക്ക് നീതിയുറപ്പാക്കാൻ മാതാപിതാക്കളും അവസാനനിമിഷം വരെ ഉറക്കമില്ലാതെ പൊരുതി. അതിനു സാക്ഷ്യം വഹിക്കാനുണ്ടായിരുന്നത് അപൂർവം ചില മാധ്യമപ്രവർത്തകരും അഭിഭാഷകരും മാത്രം.

നെടുവീർപ്പും നിസ്സഹായതയും ആശങ്കയും ആശ്വാസവുമൊക്കെ വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ സുപ്രീംകോടതി വളപ്പിലെ വികാരപ്രകടനങ്ങളായി. കേസിൽ അവസാന വാദപ്രതിവാദം കോടതിമുറിയിൽ തുടങ്ങും മുമ്പ് പിരിമുറുക്കത്തിന്റെ നിമിഷങ്ങളെ ആർദ്രമാക്കാനെന്ന പോലെ പുറത്തു മഴച്ചാറ്റൽ.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കനത്ത സുരക്ഷയിലും മുൻകരുതലിലുമായിരുന്നു സുപ്രീംകോടതി. വാദവും വിധിയും കേൾക്കാൻ ഇരുവിഭാഗങ്ങളിലെയും അഭിഭാഷകർക്കു പുറമെ കേവലം അഞ്ചു മാധ്യമപ്രവർത്തകർക്കു മാത്രമായിരുന്നു കോടതിമുറിയിൽ പ്രവേശനം. സമയം: വെള്ളിയാഴ്ച അർധരാത്രി 12.20

സ്ഥലം: ഡൽഹി ഹൈക്കോടതി

ഹർജി തള്ളിയതിനെത്തുടർന്ന് പ്രതികളുടെ അഭിഭാഷകൻ എ.പി. സിങ് കോടതിക്കു പുറത്തുവരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപനം. ഉത്തരവിന്റെ പകർപ്പ് കിട്ടിയില്ലെന്നും അഭിഭാഷകന്റെ വിമർശനം.

പുലർച്ചെ ഒരു മണി സുപ്രീംകോടതിയിലേക്ക്‌ മാധ്യമപ്രവർത്തകർ എത്തുന്നു. പ്രധാന കവാടങ്ങളിലൂടെ ആർക്കും പ്രവേശനമില്ല. സൈഡിലുള്ള ഒരു ഗേറ്റിലൂടെ എല്ലാവരെയും കർശന പരിശോധനയോടെ കടത്തി വിട്ടു.

പുലർച്ചെ 1.45 അക്ഷയ് സിങ്ങിന്റെ സഹോദരനും ഭാര്യാസഹോദരനും കോടതി കവാടത്തിൽ കാത്തുനിൽക്കുന്നു. അഡ്വ. എ.പി. സിങ്ങിനെ കാത്തുനിൽക്കുകയാണെന്നും കേസിൽ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും ‘മാതൃഭൂമി’യോട് പ്രതികരിച്ചു.

2.20 അഭിഭാഷകർ കോടതിയിൽ എത്തുന്നു.

2.24 നിർഭയയുടെ മാതാപിതാക്കളുടെ അഭിഭാഷകൻ ജിതേന്ദ്രകുമാർ ഝാ മാധ്യമങ്ങളോടു സംസാരിച്ചു. ഇതിനോടകംതന്നെ വിജയിച്ചിരിക്കുകയാണെന്നും നീതി ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2.26 പ്രതികളുടെ അഭിഭാഷകൻ എ.പി. സിങ് മാധ്യമങ്ങളെ കാണുന്നു. “ഇവിടെ വനിതാ കമ്മിഷനേ ഉള്ളൂ, പുരുഷ കമ്മിഷനില്ല. പുരുഷന്മാർക്കായി സംസാരിക്കാൻ ആരുമില്ല. അതുകൊണ്ട് അന്തിമഘട്ടത്തിലും കോടതിയിലേക്ക് ഓടിയെത്തേണ്ടിവരുന്നു”

2.30 കോടതിക്കുള്ളിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരേ കോടതിവളപ്പിലെ കവാടത്തിൽ എ.പി. സിങ് കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

2.32 സുരക്ഷാ ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കുമൊപ്പം നിർഭയയുടെ അമ്മയും അച്ഛനും കോടതിയിൽ എത്തുന്നു.

2.35 എ.പി. സിങ് ഉൾപ്പെടെയുള്ള അഭിഭാഷകരും അഞ്ചു മാധ്യമപ്രവർത്തകരും കോടതിമുറിയിലേക്ക്‌. ഉള്ളിൽ കോടതി നടപടികൾ. പുറത്ത് പിരിമുറുക്കവും ആകാംക്ഷയും.

3.20 അന്തിമവിധി പുറത്തുവരുന്നു. നിർഭയയുടെ അമ്മയും അച്ഛനും കൂടെയുള്ളവരും കരഘോഷം നടത്തുന്നു.

3.22 നിർഭയയുടെ അമ്മ മാധ്യമങ്ങളോടു സംസാരിക്കുന്നു. ‘‘എന്തിനുവേണ്ടി ഈ ഏഴു വർഷം പൊരുതിയോ ആ ദിവസം എത്തിയിരിക്കുന്നു. ഇന്നത്തെ സൂര്യൻ നിർഭയക്കും മറ്റു പെൺമക്കൾക്കുംവേണ്ടി ഉദിക്കും. ഒപ്പംനിന്ന എല്ലാവർക്കും നന്ദി. അഭിഭാഷകർക്കും സമൂഹത്തിനും സർക്കാരിനും കോടതികൾക്കും മാധ്യമങ്ങൾക്കുമൊക്കെ നന്ദി. രാഷ്ട്രപതിക്കു പ്രത്യേകം നന്ദി.

അച്ഛൻ: “ഞങ്ങൾക്കും രാജ്യത്തിനും ഇതു നല്ലദിനം. സ്വർണപ്രകാശത്തോടെയാവും ഇന്ന് സൂര്യനുദിക്കുക. എന്റെ മകൾക്കുമാത്രമല്ല, മറ്റു സ്ത്രീകൾക്കും കൂടിയുള്ളതാണ് ഈ നീതി”

അരമണിക്കൂർ വിവിധ മാധ്യമങ്ങളോടു പ്രതികരിച്ച ശേഷം അച്ഛനും അമ്മയും കോടതിയിൽ നിന്നുപോവുന്നു.

ഇതേസമയം കോടതി കവാടത്തിൽ നിസ്സഹായതയോടെ നിൽക്കുകയായിരുന്നു അക്ഷയ് കുമാറിന്റെ സഹോദരൻ. അന്തിമവിധിയെകുറിച്ചു ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ പ്രതികരിച്ചു. ‘പോട്ടെ’

സഹോദരൻ കഴുമരത്തിലേക്കു നീങ്ങാൻ നിമിഷങ്ങളെണ്ണുന്നതിന്റെ നെടുവീർപ്പ് അയാളിൽ നിന്നുയർന്നു. പകച്ചുനിന്ന ആ കണ്ണുകൾ സുപ്രീംകോടതിയുടെ മിനാരത്തിലേക്കു നീളുന്നത് പുലർച്ചെ നാലുമണിക്ക് ഇരുണ്ടവെളിച്ചത്തിലും കാണാമായിരുന്നു. അത് ഒപ്പിയെടുക്കാൻ ചാനൽ ക്യാമറകൾ മെനക്കെട്ടില്ല. പിന്നീടെല്ലാ കണ്ണുകളും തിഹാർ ജയിലിലേക്ക്‌. ഒടുവിൽ, നിശ്ചയിച്ചുറപ്പിച്ചതിൽ കടുകിട മാറ്റമില്ലാതെ നാലു പ്രതികളെയും കഴുവേറ്റി.

Content Highlights: Nirbhaya case, Supreme Court