ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി. ഇതോടെ, നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കാൻ പുതിയ മരണവാറന്റയക്കണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാരും തിഹാർ ജയിലധികൃതരും കോടതിയെ സമീപിച്ചു. ഇതിൽ വ്യാഴാഴ്ച മറുപടിനൽകാൻ കുറ്റവാളികളോട് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ആവശ്യപ്പെട്ടു.

കുറ്റവാളികളുടെ എല്ലാ നിയമസാധ്യതകളും അവസാനിച്ചെന്നും അതിനാൽ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, മറുഭാഗത്തെക്കൂടി കേട്ടശേഷം അക്കാര്യം തീരുമാനിക്കാമെന്നു കോടതി വ്യക്തമാക്കി.

പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരുടെ വധശിക്ഷ ജനുവരി 22-ന് നടപ്പാക്കാനാണ് കോടതി ആദ്യം വാറന്റയച്ചത്. എന്നാൽ, ചില അപേക്ഷകൾ തീർപ്പാവാതെ നിന്നതിനാൽ പിന്നീടത് ഫെബ്രുവരി ഒന്നിലേക്കും തുടർന്ന് മാർച്ച് മൂന്നിലേക്കും മാറ്റിയിരുന്നു. അതിനുശേഷം മാർച്ച് രണ്ടിനാണ് വീണ്ടും വാറന്റ് സ്റ്റേചെയ്ത് ശിക്ഷ നടപ്പാക്കുന്നതു നീട്ടിവെച്ചത്.

പവൻ ഗുപ്തയുടെ ദയാഹർജി നിലനിൽക്കുന്നതിനാലായിരുന്നു അത്. ദയാഹർജി തള്ളിയാൽ 14 ദിവസത്തിനുശേഷമേ ശിക്ഷ നടപ്പാക്കാനാകൂ. അതിനിടെ ദയാഹർജി തള്ളിയതു ചോദ്യംചെയ്ത് കുറ്റവാളിക്കു സുപ്രീംകോടതിയെ സമീപിക്കാം. ഈമാസംതന്നെ ശിക്ഷ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് നിർഭയയുടെ അച്ഛൻ ബദരീനാഥ് സിങ് പ്രതികരിച്ചു.

Content Highlights: Nirbhaya case: President rejects last mercy plea; Government seeks fresh date for hanging of convi