ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവൻ ഗുപ്തയും (25) സുപ്രീംകോടതിയിൽ തിരുത്തൽഹർജി നൽകി. ഇതോടെ, ഇവരെ ചൊവ്വാഴ്ച തൂക്കിലേറ്റാനുള്ള സാധ്യത കുറഞ്ഞു.

തിരുത്തൽഹർജി സുപ്രീംകോടതി ഉടൻ പരിഗണിച്ചു തള്ളിയാലും പവൻ ഗുപ്തയ്ക്ക് രാഷ്ട്രപതിക്കു ദയാഹർജി നൽകാവുന്നതാണ്. അതു തള്ളിയാലും 14 ദിവസത്തിനുശേഷമേ തൂക്കിലേറ്റാനാകൂ എന്നാണ് ജയിൽച്ചട്ടം.

കേസിലെ മറ്റുപ്രതികളായ മുകേഷ് കുമാർ സിങ് (32), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരുടെ തിരുത്തൽ ഹർജികളും ദയാഹർജികളും നേരത്തേ തള്ളിയതാണ്. പവൻഗുപ്ത മാത്രമാണ് തിരുത്തൽ ഹർജി നൽകാൻ ബാക്കിയുണ്ടായിരുന്നത്. ഏതെങ്കിലും പ്രതികളുടെ അപേക്ഷ തീർപ്പാവാതെ ബാക്കിയുണ്ടെങ്കിൽ ആരെയും തൂക്കിലേറ്റാനാവില്ലെന്നാണു ചട്ടം.

നിയമസാധ്യത മുതലെടുത്ത് വധശിക്ഷ വൈകിപ്പിക്കാനായി പ്രതികൾ തുടർച്ചയായി അപേക്ഷകൾ നൽകുകയാണെന്നുകാട്ടി കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്ക് എന്തെങ്കിലും നിയമമാർഗം തേടാനുണ്ടെങ്കിൽ അത് ഒരാഴ്ചയ്ക്കകം വേണമെന്ന് ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഫെബ്രുവരി 12-ന് അതിന്റെ കാലാവധി കഴിഞ്ഞതിനാൽ പവൻ ഗുപ്തയുടെ ഹർജി പരിഗണിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

പ്രതികളുടെ മൗലികാവകാശത്തെ ജുഡീഷ്യൽ ഉത്തരവിലൂടെ ഇല്ലാതാക്കാനാവില്ലെന്നും അതിനാൽ തിരുത്തൽ ഹർജി സുപ്രീംകോടതിക്കു പരിശോധിക്കേണ്ടിവരുമെന്നും ചില നിയമവിദഗ്ധർ പറയുന്നു. തിരുത്തൽഹർജി ജഡ്‌ജിമാർ ചേംബറിലാണ് പരിശോധിക്കാറ്്‌. പവൻഗുപ്ത വെള്ളിയാഴ്ച നൽകിയ ഹർജി തിങ്കളാഴ്ച ഉച്ചയ്ക്കുമുമ്പ് സുപ്രീംകോടതി തള്ളിയാൽപ്പോലും ദയാഹർജി നൽകാൻ സാധിക്കും. തൂക്കിലേറ്റുന്നതിന്റെ തലേന്നുച്ചയ്ക്കുമുമ്പുവരെ പ്രതികൾ എന്തെങ്കിലും അപേക്ഷ നൽകിയാൽ അത് ബന്ധപ്പെട്ടവർക്കെത്തിക്കാൻ ജയിൽ സൂപ്രണ്ടിനു ബാധ്യതയുണ്ട്.

ദയാഹർജി തള്ളിയാൽ അതിനെതിരേ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. ദയാഹർജി തള്ളിയതു ചോദ്യംചെയ്ത് മുകേഷും വിനയ് ശർമയും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. അതേസമയം, അക്ഷയ് സുപ്രീംകോടതിയെ സമീപിച്ചിട്ടുമില്ല.

Content Highligts: Nirbhaya case, Pavan Gupta file curative petition