ന്യൂഡൽഹി: തൂക്കിലേറ്റുന്നതിനു മുമ്പുള്ള രാത്രിയിൽ ഉറങ്ങാതെ മണിക്കൂറുകൾ തള്ളിനീക്കുകയായിരുന്നു ആ നാലുപ്രതികളും. തിഹാറിലെ മൂന്നാംനമ്പർ ജയിലിൽ പ്രത്യേകം സെല്ലുകളിലായിരുന്നു അവരെ പാർപ്പിച്ചിരുന്നത്. വധശിക്ഷ സ്റ്റേചെയ്യാൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും രാത്രി നടന്ന നിയമനടപടികളെക്കുറിച്ച് പ്രതികളെ അപ്പപ്പോൾതന്നെ ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഒടുവിൽ, അവസാനത്തെ ഹർജി അർധരാത്രി സുപ്രീംകോടതി തള്ളിയതോടെ 3.30-ന് ഇവരെ എഴുന്നേൽപ്പിച്ച് ശിക്ഷ നടപ്പാക്കാനുള്ള നടപടികളാരംഭിച്ചു.

കുളിച്ച്, വസ്ത്രം മാറാൻ അവസരം നൽകുകയായിരുന്നു ആദ്യ നടപടി. എന്നാൽ, നാലുപേരും ഇതിനു തയ്യാറായില്ല. പ്രഭാതഭക്ഷണം കഴിക്കാനും കൂട്ടാക്കിയില്ല. ഇതോടെ അധികൃതർ തുടർനടപടികളിലേക്ക് കടന്നു. ജയിൽ ഡോക്ടർമാരെത്തി നാലുപേരുടെയും ആരോഗ്യപരിശോധന നടത്തി. തുടർന്ന് തൂക്കുമരത്തിലേക്ക് നടത്തി.

ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരടക്കം അഞ്ചുപേർ മാത്രമാണ് തൂക്കിലേറ്റുന്നതിന് സാക്ഷികളായി ഉണ്ടായിരുന്നത്. തൂക്കുമരത്തിലേക്ക് പോവുന്നതിനു നിമിഷങ്ങൾക്കുമുമ്പ് 26-കാരനായ വിനയ് ശർമ കരയുകയും മാപ്പുചോദിക്കുകയും ചെയ്തതായി ജയിൽ അധികൃതർ പറഞ്ഞു. താൻ വരച്ച ചിത്രങ്ങൾ ജയിൽ സൂപ്രണ്ടിന് നൽകണമെന്നും തന്റെ പക്കലുള്ള ഹനുമാൻ മന്ത്രങ്ങൾ അടങ്ങിയ പുസ്തകം കുടുംബത്തിനു നൽകണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നായിരുന്നു 32-കാരനായ മുകേഷിന്റെ അവസാന ആഗ്രഹം. മറ്റു രണ്ടുപേരും ഒരു കാര്യവും ആവശ്യപ്പെട്ടില്ല.

രാവിലെ 5.30-ന് ആരാച്ചാർ പവൻ ജല്ലാദ് ലിവർ വലിച്ചു. അരമണിക്കൂർ കയറിൽ തൂങ്ങിക്കിടന്ന മൃതദേഹങ്ങൾ താഴെയിറക്കിയശേഷം റെസിഡന്റ് ഡോക്ടർ പരിശോധിച്ച് മരണം ഉറപ്പാക്കി. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Nirbhaya case- No one slept, only one cried