ന്യൂഡൽഹി: സമാനതകളില്ലാത്ത ക്രൂരതയാൽ രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച കുറ്റവാളികൾക്ക് ഒടുവിൽ കൊലക്കയർ. നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെ വെള്ളിയാഴ്ച രാവിലെ 5.30-ന് തിഹാർ ജയിലിൽ തൂക്കിലേറ്റി. വധശിക്ഷയിൽനിന്ന് രക്ഷപ്പെടാനായി അതിനു രണ്ടുമണിക്കൂർ മുൻപുവരേയും പ്രതികൾ നിയമപോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല.

ശിക്ഷ നടപ്പാക്കിയതറിഞ്ഞ് തിഹാർ ജയിലിനുപുറത്ത് തടിച്ചുകൂടിയവർ മുദ്രാവാക്യം വിളിച്ച് ആഹ്ലാദപ്രകടനം നടത്തി. കുറ്റവാളികളെ തൂക്കിലേറ്റിയതോടെ തന്റെ ഉദ്യമം പൂർണമായെന്ന് നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞു. രാത്രി മുഴുവൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നീണ്ട നിയമപോരാട്ടങ്ങൾക്ക് പതിവുപോലെ അവരും സാക്ഷിയായിരുന്നു. 2012 ഡിസംബർ 16-നാണ് പാരാമെഡിക്കൽ വിദ്യാർഥിനിയായ 23-കാരിയെ ഡൽഹിയിൽ ഓടുന്ന ബസ്സിൽ ആറുപേർ കൂട്ടബലാത്സംഗംചെയ്ത് ക്രൂരമായി ഉപദ്രവിച്ച് വഴിയിൽ തള്ളിയത്. പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനും അക്രമം നേരിട്ടു. ആന്തരാവയവങ്ങൾക്കുൾപ്പെടെ ഗുരുതരപരിക്കേറ്റ പെൺകുട്ടി 13 ദിവസത്തിനു ശേഷം സിങ്കപ്പൂരിലെ ആശുപത്രിയിലാണ് മരിച്ചത്.

കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർ രാംസിങ്ങിനെ തിഹാർ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാവാതിരുന്ന മറ്റൊരു പ്രതിയാവട്ടെ മൂന്നുവർഷത്തെ ജുവനൈൽ തടവ് കഴിഞ്ഞ് 2015-ൽ പുറത്തിറങ്ങി.

സുപ്രീംകോടതി ശരിവെച്ചിട്ടും പ്രതികളുടെ വധശിക്ഷ രണ്ടര വർഷത്തോളം നീണ്ടുപോയി. ശിക്ഷ നടപ്പാക്കാൻ വൈകുന്നതോടെ മരണവാറന്റിനായി ഒടുവിൽ നിർഭയയുടെ അമ്മയ്ക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. ജനുവരി 22-ന് തൂക്കിലേറ്റാൻ വാറണ്ടുവന്നെങ്കിലും വിവിധ ഹർജികൾ നൽകിക്കൊണ്ട് അത് രണ്ടുമാസം വൈകിക്കാൻ പ്രതികൾക്കായി.

നടപടിക്രമങ്ങൾക്കുശേഷം രാവിലെ എട്ടരയോടെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

നീതി വിജയിച്ചു

“നീതി വിജയിച്ചു. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യധികം പ്രധാനപ്പെട്ടതാണ്. സമത്വത്തിലും അവസരങ്ങളിലും ഊന്നിയുള്ള സ്ത്രീ ശാക്തീകരണത്തിൽ കേന്ദ്രീകരിച്ചുള്ള രാജ്യം നമുക്കൊന്നിച്ച് കെട്ടിപ്പടുക്കാം” - പ്രധാനമന്ത്രി ട്വിറ്ററിൽ

Content Highlights: Nirbhaya case execution