ന്യൂഡൽഹി: വധശിക്ഷ വൈകിപ്പിക്കാൻ കുറ്റവാളികൾ തുടരെ ഹർജികൾ നൽകിക്കൊണ്ടിരിക്കുമ്പോൾ കോടതികൾ നിഷ്ക്രിയമായിരിക്കുകയാണെന്ന് നിർഭയയുടെ അമ്മ ആശാദേവി. പ്രതികളുടെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതു ലോകംമുഴുവൻ കാണുന്നുണ്ട്. എന്നിട്ടും സ്വന്തംനിലയ്ക്കു തീരുമാനമെടുക്കാത്ത കോടതിയുടെ നിഷ്ക്രിയത്വം ഞെട്ടലുണ്ടാക്കുന്നുവെന്നും ആശാദേവി പറഞ്ഞു. സുപ്രീംകോടതി ഇക്കാര്യത്തിൽ ഇത്രയുംസമയമെടുക്കുന്നത് എന്തുകൊണ്ടാണെന്നറിയാൻ ആഗ്രഹിക്കുന്നതായി അവർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് നിർഭയക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടത്. പ്രതികളിലൊരാൾ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജിയും മറ്റൊരാൾ പുതിയ ദയാഹർജിയും നൽകിയിട്ടുണ്ട്. പ്രതികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിശോധിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിലും ചിലർ പൊതുതാത്പര്യ ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആശാദേവിയുടെ പ്രതികരണം.

Content Highlights: Nirbhaya case execution