ന്യൂഡൽഹി: നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ മുൻനിശ്ചയിച്ചപ്രകാരം ചൊവ്വാഴ്ച നടക്കുമോയെന്ന് തിങ്കളാഴ്ച വ്യക്തമാകും. പ്രതികളിൽ ഒരാളുടെ തിരുത്തൽഹർജി സുപ്രീംകോടതി തിങ്കളാഴ്ചരാവിലെ 10.25-ന് ചേംബറിൽ പരിഗണിക്കും. അതിനുമുൻപായി, നേരത്തേയുള്ള മരണവാറന്റ് സ്റ്റേചെയ്യണമെന്ന ഹർജിയിൽ പട്യാല ഹൗസ് കോടതി രാവിലെ 10-നു വാദംകേൾക്കും.

സുപ്രീംകോടതിക്കുമുൻപാകെ പവൻ ഗുപ്ത(25)യുടെ തിരുത്തൽ ഹർജിയുള്ളതിനാൽ അതിൽ തീർപ്പാവുംമുൻപ് ശിക്ഷ സ്റ്റേ ചെയ്യുന്നതുസംബന്ധിച്ച് പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ തീരുമാനമെടുക്കാൻ സാധ്യതയില്ല. സുപ്രീംകോടതിയുടെ ഉത്തരവിനായി കാത്തിരിക്കാനാണ്‌ സാധ്യത. മാത്രമല്ല, അക്ഷയ് കുമാർ സിങ് (31) പുതിയ ദയാഹർജി നൽകിയിട്ടുമുണ്ട്. നേരത്തേ തള്ളിയ ദയാഹർജിയിൽ പൂർണവിവരങ്ങൾ ഉൾപ്പെടുത്താനായില്ലെന്നാണ് അയാളുടെ പുതിയവാദം.

തിരുത്തൽഹർജിയും ദയാഹർജിയും നിൽക്കുന്നതിനാൽ വധശിക്ഷ സ്റ്റേചെയ്യണമെന്ന പവൻ കുമാറിന്റെയും അക്ഷയ് കുമാറിന്റെയും അപേക്ഷയിൽ മറുപടി നൽകാൻ തിഹാർ ജയിലധികൃതരോട് പട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. തിരുത്തൽഹർജി തിങ്കളാഴ്ച ഉച്ചയ്ക്കുമുൻപ് തള്ളിയാൽ പവൻ ഗുപ്തയ്ക്ക്‌ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാം. തൂക്കിലേറ്റുന്നതിന്റെ തലേന്ന് ഉച്ചയ്ക്കുമുൻപുവരെ കുറ്റവാളിക്ക് എന്തെങ്കിലും അപേക്ഷ നൽകണമെങ്കിൽ ആവാമെന്നാണ് ജയിൽച്ചട്ടം പറയുന്നത്.

സാധ്യതകൾ ഇങ്ങനെ:

1. പവൻ ഗുപ്തയുടെ തിരുത്തൽഹർജി സുപ്രീംകോടതി തിങ്കളാഴ്ച ഉച്ചയ്ക്കുമുൻപായിത്തന്നെ തള്ളുന്നു. അങ്ങനെയെങ്കിൽ രാഷ്ട്രപതിക്ക്‌ ദയാഹർജി നൽകാം. രാഷ്ട്രപതി അത് ഉടൻ തള്ളിയാലും 14 ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ.

2. തിരുത്തൽഹർജിയിലെ ഉത്തരവ് ഉച്ചയ്ക്കുമുൻപ് ഇറക്കുന്നില്ലെങ്കിൽ പവൻ ഗുപ്തയ്ക്ക് ദയാഹർജി നൽകാൻ ജയിൽച്ചട്ടം അനുവദിക്കുന്നില്ല. തൂക്കിലേറ്റുന്നതിന്റെ തലേന്ന് ഉച്ചയ്ക്കുശേഷം നൽകുന്ന അപേക്ഷ പരിഗണിക്കേണ്ടതില്ല. അങ്ങനെയെങ്കിൽ ചൊവ്വാഴ്ച രാവിലെ ആറിനുതന്നെ പ്രതികളെ തൂക്കിലേറ്റാം.

3. സുപ്രീംകോടതിയിൽ തിരുത്തൽഹർജി നിൽക്കുന്നതിനാൽ, ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് പട്യാല ഹൗസ് കോടതി നിർത്തിവെക്കുന്നു.

4. അക്ഷയ് കുമാറിന്റെ പുതിയ ദയാഹർജിയും രാഷ്ട്രപതി പരിഗണിച്ച് തള്ളിയാൽ വീണ്ടും 14 ദിവസത്തിനുശേഷമേ ശിക്ഷ നടപ്പാക്കാനാകൂ. നേരത്തേ ഇയാളുടെ ദയാഹർജി തള്ളിയതിനാൽ പുതിയതു പരിഗണിക്കേണ്ടതില്ലെന്ന്‌ തീരുമാനിക്കുമോ എന്നു വ്യക്തമല്ല.

 

Content Highlights: Nirbhaya case execution