ന്യൂഡൽഹി: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത് മൂന്നാംതവണയും മാറ്റിവെച്ചു.

പ്രതി പവൻ ഗുപ്ത (25) തിങ്കളാഴ്ച ദയാഹർജി നൽകിയ സാഹചര്യത്തിലാണ് ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചത്. ദയാഹർജി രാഷ്ട്രപതി തള്ളിയാലും 14 ദിവസത്തിനുശേഷമേ ശിക്ഷ നടപ്പാക്കാവൂവെന്നാണ് ജയിൽച്ചട്ടം.

ദയാഹർജി രാഷ്ട്രപതി തള്ളിയാൽ അടുത്തദിവസം പ്രോസിക്യൂഷനും നിർഭയയുടെ മാതാപിതാക്കളും കോടതിയെ അറിയിച്ച് പുതിയ മരണവാറന്റ്‌ അയക്കാൻ അപേക്ഷ നൽകും. ദയാഹർജി തള്ളിയതു ചോദ്യംചെയ്ത് പ്രതി പവൻഗുപ്തയ്ക്ക് ഒരിക്കൽക്കൂടി സുപ്രീംകോടതിയെ സമീപിക്കുകയുമാവാം.

തിങ്കളാഴ്ചരാവിലെ പത്തിനാണ് പ്രതികളുടെ അപേക്ഷ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ പരിഗണിച്ചത്. സുപ്രീംകോടതിയിൽ തിരുത്തൽഹർജി നൽകിയതിനാൽ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ, അല്പസമയത്തിനകം തിരുത്തൽഹർജി സുപ്രീംകോടതി തള്ളി. ഇതോടെ, ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ അപേക്ഷ തള്ളി അഡീഷണൽ സെഷൻസ് ജഡ്ജി വിധിപറഞ്ഞു.

മിനിറ്റുകൾക്കകം പവൻഗുപ്ത രാഷ്ട്രപതിക്കു ദയാഹർജി സമർപ്പിച്ചു. ഇക്കാരണത്താൽ ശിക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾക്കുവേണ്ടി അഡ്വ. എ.പി. സിങ് പുതിയ അപേക്ഷയും നൽകി. ഉച്ചയ്ക്കുശേഷം ഈ അപേക്ഷ പരിഗണിച്ചാണ് ജഡ്ജി ധർമേന്ദർറാണ്‌ ശിക്ഷ സ്റ്റേ ചെയ്തത്. അതിനിടെ, ദയാഹർജി തള്ളിയതായി റിപ്പോർട്ട് വന്നെങ്കിലും ഇക്കാര്യം ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടില്ല.

കേസിലെ മറ്റുപ്രതികളായ മുകേഷ് കുമാർ സിങ് (32), വിനയ് ശർമ (26), അക്ഷയ്‌കുമാർ സിങ് (31) എന്നിവരുടെ തിരുത്തൽഹർജികളും ദയാഹർജികളും നേരത്തേ തള്ളിയതാണ്. പവൻഗുപ്ത മാത്രമാണ് തിരുത്തൽഹർജി നൽകാൻ ബാക്കിയുണ്ടായിരുന്നത്. ഏതെങ്കിലും പ്രതികളുടെ അപേക്ഷ തീർപ്പാവാതെ ബാക്കിയുണ്ടെങ്കിൽ ആരെയും തൂക്കിലേറ്റാനാവില്ലെന്നാണു ചട്ടം.

Content Highlights: Nirbhaya case death sentence