ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികൾക്ക് ഒടുവിൽ തൂക്കുകയർ. 2012 ഡിസംബർ 16-ന് ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർഥിനിയെ ബസിൽവെച്ച് കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് മുകേഷ് സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് നാലു കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.30-ന് തിഹാർ ജയിലിൽ ശിക്ഷ നടപ്പാക്കും.

വധശിക്ഷയ്ക്കെതിരേ പ്രതികൾ അവസാനനിമിഷംവരെ നടത്തിയ നിയമപോരാട്ടങ്ങൾ ഫലംകണ്ടില്ല. വിവിധ കാരണങ്ങളുന്നയിച്ച് നൽകിയ മൂന്നു ഹർജികൾ ഡൽഹി കോടതിയും സുപ്രീംകോടതിയും വ്യാഴാഴ്ച തള്ളി. ഇതോടെ ഏഴുവർഷത്തെ നിയമയുദ്ധത്തിനാണ് പരിസമാപ്തിയായത്.

കുറ്റകൃത്യം നടക്കുമ്പോൾ താൻ ഡൽഹിയിലുണ്ടായിരുന്നില്ലെന്ന ഹർജി തള്ളിയതിനെതിരേ പ്രതി മുകേഷ് സിങ് നൽകിയ അപ്പീൽ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിചാരണക്കോടതിയിൽ തന്നെ ഈ വിഷയങ്ങൾ പ്രതി ഉന്നയിച്ചുകഴിഞ്ഞതാണെന്ന് ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. തന്റെ രണ്ടാമത്തെ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെതിരേ പ്രതി അക്ഷയ് കുമാർ സിങ് നൽകിയ ഹർജിയും സുപ്രീംകോടതി തള്ളി. ഇയാൾ ബുധനാഴ്ച നൽകിയ രണ്ടാമത്തെ ദയാഹർജി വ്യാഴാഴ്ച രാവിലെയാണ് രാഷ്ട്രപതി തള്ളിയത്.

പ്രതികളിലൊരാളുടെ രണ്ടാമത്തെ ദയാഹർജി നിലനിൽക്കുന്നതിനാൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് തള്ളിയത്. പ്രതികൾ അവരുടെ നിയമമാർഗങ്ങളെല്ലാം ഉപയോഗിച്ചുകഴിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൂടാതെ മറ്റു രണ്ടു പ്രതികൾകൂടി കേസിൽ ഉൾപ്പെട്ടിരുന്നു. ഇതിലൊരാളായ രാംസിങ്ങിനെ (മുകേഷിന്റെ ജ്യേഷ്ഠൻ) തിഹാർ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതി മൂന്നുവർഷത്തെ ശിക്ഷകഴിഞ്ഞ് 2015-ൽ പുറത്തിറങ്ങി.

content highlights: nirbhaya case convicts to be hanged