ന്യൂഡൽഹി: നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിന് എല്ലാ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഉന്നതതലയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സംശയമുണ്ടായപ്പോൾതന്നെ നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് പുണെയിലെ വൈറോളജി ലാബിൽനിന്ന് പരിശോധനഫലം ലഭിച്ചത്. സംസ്ഥാന സർക്കാർ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ, നിപ സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായിരുന്ന 86 പേർ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.‌

ദേശീയതലത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിൽ കൺട്രോൾ റൂം തുറന്നു. 011-23978046 ആണ് നമ്പർ.

ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി പ്രീതി സുധൻ, കേന്ദ്ര ആരോഗ്യസെക്രട്ടറി ബൽറാം ഭാർഗവ, ആരോഗ്യമന്ത്രാലയത്തിലെ അഡീഷണൽസെക്രട്ടറി സഞ്ജീവ കുമാർ, ഹെൽത്ത്‌ സർവീസസ് ഡയറക്ടർ ജനറൽ എസ്. വെങ്കടേഷ്, എൻ.സി.ഡി.സി. ഡയറക്ടർ ഡോ. സുജീത്‌ കെ. സിങ്, ഐ.സി.എം.ആർ. മേധാവി ഡോ. ഗംഗ ഖേത്കർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Nipah Virus, Union Minister Harsh Vardhan