കോഴിക്കോട്: കേരളത്തിൽ മൂന്നാമതും നിപ. 2018-ൽ ആദ്യമായി റിപ്പോർട്ടുചെയ്ത കോഴിക്കോട്ടാണ് വീണ്ടും രോഗം കണ്ടെത്തിയത്. ചാത്തമംഗലം പാഴൂർ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയിൽ വാഹിദയുടെയും ഏകമകൻ മുഹമ്മദ് ഹാഷിം (12) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കുട്ടിയെ പരിചരിച്ച മെഡിക്കൽ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും ഓരോ ആരോഗ്യപ്രവർത്തകർ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിലെ നിപ വാർഡിൽ ചികിത്സയിലുണ്ട്. ഇവരുടെ സ്രവപരിശോധന ഉടൻ നടത്തും.

ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ സ്രവപരിശോധന നടത്തി നിപയാണെന്ന് പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സ്ഥിരീകരണം ലഭിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ മരിച്ചു.

സമ്പർക്കപ്പട്ടികയിൽ 188 പേർ

കുട്ടിയുടെ ബന്ധുക്കളും ആദ്യം ചികിത്സിച്ച സ്വകാര്യ ക്ളിനിക്കിലെ ഒമ്പതുപേരും പിന്നീട് പോയ സ്വകാര്യ ആശുപത്രിയിലെ ഏഴുപേരും ഉൾപ്പെടെ ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിലുള്ള 188 പേരെ തിരിച്ചറിഞ്ഞു. 20 പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ള പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 38 പേർ മെഡിക്കൽ കോളേജ് ജീവനക്കാരാണ്.

ഓഗസ്റ്റ് 28-നാണ് പനിബാധിച്ച് കുട്ടിയെ സ്വകാര്യ ക്ലിനിക്കിൽ കാണിച്ചത്. 31-ന് രണ്ടു സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ ഒന്നിന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

പി.ടി.എം.എച്ച്.എസ്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഹാഷിം. കർശന സുരക്ഷാസന്നാഹങ്ങളോടെ മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ കബറടക്കി. കുട്ടിയുടെ വീടുൾപ്പെടുന്ന പ്രദേശത്തിന്റെ മൂന്നുകിലോമീറ്റർ പരിധിയിൽ കർശനനിയന്ത്രണം ഏർപ്പെടുത്തി. രോഗബാധിതനായതുമുതലുള്ള റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത ശക്തമാക്കി.

ശനിയാഴ്ച രാത്രിതന്നെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും രോഗവ്യാപനമില്ലാതാക്കാനുള്ള നടപടികളും തുടങ്ങിയിരുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

കൺട്രോൾ റൂം തുറന്നു

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗവ. ഗസ്റ്റ് ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. ഫോൺ: 0495-2382500, 2382800.

മെഡിക്കൽ കോളേജിൽ നിപ ബ്ലോക്ക്

മെഡിക്കൽ കോളേജിലെ പേവാർഡ് ഒഴിപ്പിച്ച് നിപ ബ്ലോക്ക് പ്രവർത്തനം തുടങ്ങി. ആവശ്യത്തിന് ആരോഗ്യപ്രവർത്തകരുണ്ട്. താത്കാലികമായി ആളുകളെ എടുത്ത് മറ്റുജോലികൾക്കു നിയോഗിച്ച് നിപ പരിചരണത്തിന് പരിചയസമ്പന്നരെ നിയോഗിക്കും.

തിങ്കളാഴ്ച വൈകീട്ടോടെ പുണെയിലെ ലാബിൽനിന്നുള്ള സംഘം സ്രവപരിശോധനാ സംവിധാനം മെഡിക്കൽ കോളേജിൽ സജ്ജമാക്കും. 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കും. മരുന്നുകൾക്കു ക്ഷാമമില്ല. മോണോക്ലോണൽ ആന്റിബോഡി ഏഴുദിവസത്തിനകം ഓസ്‌ട്രേലിയയിൽനിന്ന് എത്തിക്കുമെന്ന് ഐ.സി.എം.ആർ. ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസംഘം എത്തി

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്ധരുൾപ്പെട്ട കേന്ദ്രസംഘം ജില്ലയിലുണ്ട്. ഉന്നതതല യോഗങ്ങളിൽ പങ്കെടുത്തു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സന്ദർശിച്ചു. കുട്ടി കഴിച്ച റംബുട്ടാൻ മരത്തിൽനിന്ന് പഴം സാംപിളായി ശേഖരിച്ചു. മൃഗസംരക്ഷണവകുപ്പിലെ വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്.

നേതൃത്വംനൽകാൻ നാലംഗ മന്ത്രിസംഘം

പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി ജില്ലയുടെ ചുമതലയുള്ള എ.കെ. ശശീന്ദ്രൻ, വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ കോഴിക്കോട്ടുണ്ട്.