മൈസൂരു: നിപ വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയോടെ കർണാടകത്തിലെ അതിർത്തിജില്ലകൾ. കേരളത്തിൽനിന്നെത്തുന്നവർക്ക് നിപ ബാധയുടെ ലക്ഷണങ്ങളുണ്ടോയെന്ന് മൈസൂരു, ചാമരാജനഗർ ജില്ലകളിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ പരിശോധന തുടങ്ങുമെന്നാണ് ചെക്ക്‌പോസ്റ്റുകളിൽനിന്നുള്ള വിവരം.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈസൂരു, കുടക് ജില്ലകളിലെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ ഇരുജില്ലകളിലും നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളവുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കുടക് ജില്ലാ ആരോഗ്യ ഓഫീസർ ആർ. വെങ്കിടേഷ് പറഞ്ഞു. നിപ വൈറസിനെതിരായ പ്രതിരോധനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മടിക്കേരിയിലെ രണ്ട് ആശുപത്രികളിൽ ഏഴു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിലെ പ്രദേശങ്ങളിൽ ഇതുവരെ നിപ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ടെന്നും മൈസൂരു ജില്ലയിലെ എച്ച്.ഡി. കോട്ട താലൂക്ക് ആരോഗ്യ ഓഫീസർ രവികുമാർ പറഞ്ഞു. പ്രതിരോധനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.