ന്യൂഡൽഹി: നിപ വൈറസ് പ്രതിരോധത്തിൽ കേരളം നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പ്രശംസ. കേന്ദ്ര ആരോഗ്യ കൗൺസിൽ സമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധനാണ് പ്രശംസിച്ചത്.

വിവിധ ആരോഗ്യപദ്ധതികളെക്കുറിച്ചുള്ള ചർച്ചയും സമ്മേളനത്തിലുണ്ടായി. 18 ലക്ഷം കുടുംബങ്ങൾക്കേ ആനുകൂല്യം ലഭിക്കൂവെന്നതിനാലാണ് ആയുഷ്മാൻ പദ്ധതിയിൽ ചേരാൻ കേരളം വൈകിയതെന്ന് മന്ത്രി ശൈലജ പറഞ്ഞു. കേരളത്തിൽ ആർ.എസ്.ബി.വൈ., ചിസ് തുടങ്ങിയ പദ്ധതികളിലൂടെ 41 ലക്ഷം കുടുംബങ്ങൾക്ക് ആനുകൂല്യം നൽകിയിരുന്നു. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഇതിനകം 40.90 ലക്ഷം കുടുംബങ്ങൾ ചേർന്നുകഴിഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രീമിയത്തിന്റെ 19 ശതമാനമേ കേന്ദ്രം നൽകുന്നുള്ളൂ. ആയുഷ്മാൻ പദ്ധതിയിലെ 18 ലക്ഷം പേർക്കുമാത്രമാണ് 60:40 നിരക്കിൽ പ്രീമിയം കേന്ദ്രത്തിൽനിന്ന്‌ ലഭ്യമാവുന്നത്. 41 ലക്ഷം കുടുംബങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ ഉള്ളതിനാൽ മൊത്തം പ്രീമിയത്തിന്റെ 80 ശതമാനം തുക കേരളം വഹിക്കുന്നു. പ്രീമിയം അടയ്ക്കാൻ കൂടുതൽ കേന്ദ്രസഹായം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പകർച്ചവ്യാധികൾ ഉറവിടത്തിൽത്തന്നെ തടയുക എന്ന ലക്ഷ്യത്തോടെ 20 വീടുകൾക്ക് ഒരു ആരോഗ്യസേന എന്ന നിലയിലുള്ള പദ്ധതി വ്യാപിപ്പിക്കാൻ കൂടുതൽ കേന്ദ്രവിഹിതം വേണം. കോഴിക്കോട് വൈറോളജി കേന്ദ്രത്തിനും ട്രോമാകെയർ പദ്ധതിക്കും കൂടുതൽ തുക അനുവദിക്കുക, പി.എം.എസ്.എസ്.വൈ. പദ്ധതിയിൽ കോട്ടയം, കണ്ണൂർ, തൃശ്ശൂർ, പാരിപ്പള്ളി മെഡിക്കൽ കോളേജുകൾ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെയും പങ്കെടുത്തു.

Content Highlights: Nipah virus Kerala