ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ 37 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധരാത്രിയോടെ ആനേക്കൽ ഗ്രീൻവാലി റിസോർട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.

കോവിഡ് നിയന്ത്രണങ്ങളും രാത്രി കർഫ്യൂവും നിലനിൽക്കെ, പാർട്ടി നടത്തിയതിന് മുഖ്യപ്രതികളായ ആശിഷ്, ദൊഡ്ഡമന്ത എന്നിവരുൾപ്പെടെ പിടിയിലായിട്ടുണ്ടെന്ന് ബെംഗളൂരു റൂറൽ ഡിവൈ.എസ്.പി. മല്ലേഷ് പറഞ്ഞു. അറസ്റ്റിലായ മറ്റുള്ളവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

നാലു ഡി.ജെ.മാരുടെ (ഡാൻസ് ജോക്കി) നേതൃത്വത്തിലാണ് പാർട്ടി നടന്നതെന്നാണ് റിപ്പോർട്ട്. സ്ഥലത്തുനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. മറ്റു ലഹരിമരുന്നുകൾ കണ്ടെടുത്തിട്ടില്ലെങ്കിലും പ്രതികളുടെ രക്തപരിശോധന നടത്തി ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

ജെ.ഡി.എസ്. നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഇത് അനധികൃതമായിട്ടാണ് പ്രവർത്തിച്ചതെങ്കിൽ ഉടമയ്ക്കെതിരെയും നടപടി സ്വീകരിക്കും. റിസോർട്ടിന്റെ നിയമസാധുത അറിയാൻ തഹസിൽദാർക്ക് കത്തെഴുതിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഐ.ടി. ജീവനക്കാരും കോളേജ് വിദ്യാർഥിനികളുമാണ് പിടിയിലായ മലയാളികളെന്നാണ് സൂചന.