മുംബൈ: കോവിഡ് വ്യാപനം കൂടിയതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ ഞായറാഴ്ചമുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ പുറത്തിറക്കും. സംസ്ഥാനത്ത് മാളുകൾ രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെ പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്.

ജില്ലാ അധികൃതരും ഉന്നതോദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കർഫ്യൂ തീരുമാനം. വിവിധ ജില്ലകളിൽ പ്രത്യേകനിയന്ത്രണങ്ങളും ഉണ്ടാകും. പാൽഘർ ജില്ലയിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ അഞ്ചുമുതൽ ഷോപ്പിങ് മാളുകൾ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രിൽ 15 മുതലുള്ള വിവാഹങ്ങൾ മുഴുവൻ റദ്ദാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരറിയിപ്പുണ്ടാകുന്നതുവരെ വിവാഹങ്ങൾ നടത്തരുത്. െറസ്റ്റോറന്റുകൾ രാത്രി ഒമ്പതുവരെ മാത്രമേ തുറക്കാവൂ. പാർസലുകൾ രാത്രി പത്തുവരെ നൽകാം.

നാഗ്പുരിൽ വ്യാഴാഴ്ച 4,095 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഏറ്റവും ഉയർന്ന നിരക്കാണ്. 35 പേർ മരിച്ചു. ഹോളി ആഘോഷ ദിവസമായ തിങ്കളാഴ്ച ചന്തകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കരുതെന്ന നിർദേശവും നഗരസഭ പുറപ്പെടുവിച്ചിട്ടുണ്ട്. പുണെയിൽ കോവിഡ് വ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ നിയന്ത്രണ വിധേയമായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് പുണെ രക്ഷാധികാരി മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി അജിത് പവാർ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുത്തവരുടെ എണ്ണം 52 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 2,14,123 പേരാണ് വാക്സിൻ സ്വീകരിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററുകളും സംസ്ഥാനത്ത് പലയിടത്തായി തുറന്നിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമായിട്ടുണ്ട്.

Content Highlights: Night curfew Maharashtra