ന്യൂഡൽഹി: മലപ്പുറത്തെ എടക്കരയിൽ മാവോവാദികൾ പരിശീലനക്യാമ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലായി 20 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച റെയ്ഡ് നടത്തി.

കേസിൽ പ്രതിചേർക്കപ്പെട്ട 19 പേരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന. തൃശ്ശൂർ ജില്ലയിലെ രാജൻ ചിറ്റിലപ്പള്ളിയുടെ വീട്ടിലും സഹോദരിയുടെ വീട്ടിലും പരിശോധന നടന്നു. രാജൻ ചിറ്റിലപ്പള്ളി ഒരുവർഷം മുൻപാണ് അറസ്റ്റിലായത്. 2020 ഫെബ്രുവരിയിൽ കേരള ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്ത് ജയിലിലടച്ച ദന്തഡോക്ടർ ദിനേഷ്, കേരളത്തിൽ ജയിലിൽ കഴിയുന്ന ഡാനിഷ്, അഞ്ചു കൊല്ലത്തോളമായി ഒളിവിലായ സന്തോഷ് എന്നിവരുടെ തമിഴ്നാട്ടിലെ വീടുകളിലും പരിശോധന നടന്നു.

2016 സെപ്റ്റംബറിൽ മാവോവാദിസ്ഥാപക ദിനത്തിൽ നിലമ്പൂർ കാടുകളിൽ പരിശീലനക്യാമ്പും പതാകയുയർത്തൽ ചടങ്ങും ക്ലാസുകളും സംഘടിപ്പിച്ചെന്നതാണ് കേസ്. 2017 സെപ്റ്റംബറിൽ എടക്കര പോലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് കേസ് എൻ.ഐ.എ. ഏറ്റെടുത്തത്. തുടർന്ന് യു.എ.പി.എ., ഐ.പി.പി., ആയുധനിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തി വീണ്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. വിക്രംഗൗഡ, സോമൻ, കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത എന്നിവരും കേസിൽ പ്രതികളാണ്.