ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിൽ ഖലിസ്താൻ വിഘടനവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി എൻ.ഐ.എ. കഴിഞ്ഞമാസം രജിസ്റ്റർചെയ്ത കേസിൽ ഒരു പത്രപ്രവർത്തകനും ഒട്ടേറെ കർഷകനേതാക്കൾക്കും നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ഡൽഹിയിൽ എൻ.ഐ.എ. ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. സർക്കാരുമായി ചർച്ചനടത്തിക്കൊണ്ടിരിക്കുന്ന ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ അധ്യക്ഷൻ ബൽദേവ് സിങ്ങും ഇക്കൂട്ടത്തിലുണ്ട്. ജലന്ധറിൽനിന്നുള്ള ബൽവിന്ദർ പാൽ സിങ്ങാണ് നോട്ടിസ് ലഭിച്ച മാധ്യമപ്രവർത്തകൻ.

സിഖ് ഫോർ ജസ്റ്റിസ് (സ്.എഫ്.ജെ.) എന്ന നിരോധിത സംഘടനയും ബാബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്താൻ ടൈഗർ ഫോഴ്‌സ്, ഖലിസ്താൻ സിന്ദാബാദ് ഫോഴ്‌സ് തുടങ്ങി 10 സംഘടനകളുമെല്ലാം ചേർന്ന് ജനങ്ങളിൽ ഭീതിയുണർത്താനും അവരെ പ്രകോപിപ്പിക്കാനും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയത്തിലെയും യു.എ.പി.എ.യിലെയും വിവിധ വകുപ്പുകൾ പ്രകാരമാണിത്.

2017-18ൽ പഞ്ചാബിൽ ചില അക്രമ, തീവെപ്പു സംഭവങ്ങൾ നടന്നതാണ് കേസിന്റെ തുടക്കം. എസ്.എഫ്.ജെ.യ്ക്ക് അനുകൂലമായി താഴെത്തട്ടിലും ഓൺലൈനിലും പ്രചാരണം നടന്നിരുന്നു. ആദ്യം പഞ്ചാബ് പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിലിൽ എൻ.ഐ.എ. ഏറ്റെടുത്തു. അതിനു തുടർച്ചയായിട്ടാണ് കർഷകസമരത്തിൽ ഖലിസ്താൻ വാദികൾ നുഴഞ്ഞുകയറിയെന്ന കേസും ഉയർന്നുവന്നത്.

ഖലിസ്താൻ വാദികൾ കർഷകസമരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതിയിൽ കേസുനടക്കുമ്പോൾ കേന്ദ്രസർക്കാർ വാദിച്ചിരുന്നു. സർക്കാർ കോടതിയിൽ ഇതുസംബന്ധിച്ച് സത്യവാങ്മൂലവും നൽകി.